Football

സൗത്ത്ഗേറ്റിന് ബിയര്‍ കപ്പുകൊണ്ട് ഏറ്; ഇംഗ്ലീഷ് ആരാധകര്‍ കട്ടക്കലിപ്പില്‍…

യുവേഫ യൂറോ കപ്പ് 2024 ചാംപ്യന്‍ഷിപ്പിന്റെ കിക്കോഫിനു മുന്‍പ് കിരീട സാധ്യത ഏറ്റവും അധികം കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ഗാരെത് സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന, ജൂഡ് ബെല്ലിങ്ഗം, ഹാരി കെയ്ന്‍, ബുകായൊ സാക്ക, ഫില്‍ ഫോഡന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലീഷ് ടീം. ഡെന്മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ ടീമുകള്‍ക്ക് ഒപ്പം യൂറോ ഗ്രൂപ്പ് സിയിലായിരുന്നു ഇംഗ്ലണ്ട്. പ്രത്യക്ഷത്തില്‍ ഇംഗ്ലണ്ടിന് ഈസിയായിരിക്കുമെന്ന് കരുതപ്പെട്ട ഗ്രൂപ്പ്.

എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ട് ജയിച്ചത്. അതും 1-0ന് സെര്‍ബിയയ്ക്ക് എതിരേ. തുടര്‍ന്ന് ഡെന്മാര്‍ക്കിനോട് 1-1നും സ്ലോവേനിയയോട് 0-0നു ഇംഗ്ലണ്ട് സമനിലയില്‍ കുടുങ്ങി. എങ്കിലും ഗ്രൂപ്പില്‍ അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

സ്ലോവേനിയയ്ക്ക് എതിരായ ഗോള്‍രഹിത സമനില വഴങ്ങിയശേഷം ഇംഗ്ലീഷ് ആരാധകര്‍ ഗാരെത് സൗത്ത്ഗേറ്റിനെ ബിയര്‍ കപ്പ് കൊണ്ട് എറിഞ്ഞു. ഇതില്‍പ്പരം നാണക്കേടും അപമാനവും സൗത്ത്ഗേറ്റിന് ഉണ്ടാകാനില്ല.

സ്ലോവേനിയയ്ക്ക് എതിരായ മത്സരശേഷം ഗാലറിയെ അഭിവാദ്യം ചെയ്യാനായി എത്തിയപ്പോഴാണ് സൗത്ത്ഗേറ്റിനു നേര്‍ക്ക് ബിയര്‍ കപ്പുകൊണ്ട് ആരാധകര്‍ എറിഞ്ഞത്. തനിക്കു നേര്‍ക്കുണ്ടായ ബിയര്‍ കപ്പ് ഏറിനെ കുറിച്ച് പിന്നീട് സൗത്ത്ഗേറ്റ് സംസാരിക്കുകയും ചെയ്തു. ‘എനിക്കെതിരായ ഏറ് മനസിലാകും. അതില്‍നിന്ന് ഒളിച്ചോടാന്‍ ഞാന്‍ തയാറല്ല. കളിക്കാര്‍ക്ക് എതിരേ അല്ലാതിരുന്നത് നന്നായി. എങ്കിലും ഏറ്റവും പ്രധാനപ്പെട്ടകാര്യം ആരാധകര്‍ ടീമിനൊപ്പംതന്നെ ഉണ്ടെന്നതാണ്’ – ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു.

ഡെന്മാര്‍ക്കിന് എതിരായ 1-1 സമനിലയ്ക്കുശേഷം സൗത്ത്ഗേറ്റ് നടത്തിയ അഭിപ്രായപ്രകടനങ്ങളും ആരാധകരെ പ്രകോപിപ്പിച്ചെന്നതാണ് വാസ്തവം. ശരിക്കുള്ള ഇംഗ്ലണ്ടിനെ അടുത്ത മത്സരത്തില്‍ കാണമെന്ന് ഡെന്മാര്‍ക്കിന് എതിരായ സമനിലയ്ക്കുശേഷം സൗത്ത്ഗേറ്റ് പറഞ്ഞിരുന്നു.

എന്നാല്‍, സ്ലോവേനിയയ്ക്ക് എതിരേ ഗോള്‍ രഹിത സമനില മാത്രമാണ് ഇംഗ്ലണ്ടിനു നേടാന്‍ സാധിച്ചത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അത് നേടാന്‍ സാധിച്ചെന്നുമായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്റെ പ്രതികരണം.

ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഡെന്മാര്‍ക്കും മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി സ്ലോവേനിയയും പ്രീക്വാര്‍ട്ടറില്‍പ്രവേശിച്ചു. ജൂണ്‍ 30ന് സ്ലൊവാക്യയുമായാണ് ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.

Related Articles

Back to top button