Cricket

വിയര്‍ത്ത് ജയിച്ച് ദക്ഷിണാഫ്രിക്ക!! നാണക്കേടിന്റെ റെക്കോഡില്‍ ശ്രീലങ്ക

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ റണ്‍റേറ്റില്‍ കളി പൂര്‍ത്തിയായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് പ്രോട്ടിയാസ് ശ്രീലങ്കയെ തകര്‍ത്തത്.

നാസോ കൗണ്ടി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രിലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തീപ്പൊരി ബൗളിംഗിനു മുമ്പില്‍ ഈയാംപാറ്റകളെപ്പോലെ കരിഞ്ഞു വീഴാനായിരുന്നു ലങ്കന്‍ താരങ്ങളുടെ വിധി.

19.1 ഓവറില്‍ 77 റണ്‍സിന് അവര്‍ പുറത്താവുകയായിരുന്നു. ഏഴു റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ആന്‍ റിച്ച് നോര്‍ക്യയാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓപ്പണര്‍ പാത്തും നിസങ്കയെ വീഴ്ത്തിയ ഓട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ നാലോവറില്‍ വഴങ്ങിയത് വെറും ഒമ്പതു റണ്‍സും.

കഗീസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശ്രീലങ്കയുടെ പതിനൊന്നാമന്‍ നുവാന്‍ തുഷാര റണ്ണൗട്ടായി.

കുശാല്‍ മെന്‍ഡിസ്(19), കാമിന്ദു മെന്‍ഡിസ്(11), എയ്ഞ്ചലോ മാത്യൂസ്(16) എന്നിവര്‍ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ട്വന്റി20യില്‍ ശ്രീലങ്കയുടെ ഏറ്റവും മോശം ടീം സ്‌കോറാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീം പുറത്താവുന്ന ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോറാണിത്.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ റീസാ ഹെന്‍ട്രിക്‌സ് പുറത്ത്. നുവാന്‍ തുഷാരയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രം.

12.5 ഓവറില്‍ 58ന് നാല് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തിയതോടെ ശ്രീലങ്കയ്ക്ക് ചെറിയ പ്രതീക്ഷകളൊക്കെ വന്നു. എന്നാല്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ഹെന്റിച്ച് ക്ലാസന്‍- ഡേവിഡ് മില്ലര്‍ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 16.2 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

15-ാം ഓവറില്‍ വാനിന്ദു ഹസരംഗയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സിനും ഫോറിനും പറത്തിയ ക്ലാസന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നല്‍കി. ഹസരംഗയെറിഞ്ഞ 17-ാം ഓവറിലെ രണ്ടാം പന്ത് ഡേവിഡ് മില്ലര്‍ ബൗണ്ടറി കടത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാംപ് ദീര്‍ഘനിശ്വാസം വിട്ടു.

ജൂണ്‍ എട്ടിന് നെതര്‍ലന്‍ഡിനെതിരേയാണ് ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. പത്തിന് ബംഗ്ലാദേശിനെയും പതിനഞ്ചിന് നേപ്പാളിനെയും അവര്‍ നേരിടും.

Related Articles

Back to top button