Cricket

ലോകകപ്പ് വേദികളില്‍ പാറിപ്പറക്കുന്ന പാക് പെണ്‍കുട്ടി! ആരാണ് ലവ് ഖാനി?

ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യാക്കപ്പ് മുതല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഒരു കുളിര്‍കാറ്റ് പോലെ ഒഴുകിവന്ന പാക്ക് സുന്ദരിയാണ് ലവ് ഖാനി. വിരാട് കോഹ് ലിയോടും ഇന്ത്യയോടുമുള്ള ഇഷ്ടം വ്യക്തമാക്കുന്ന റീലുകള്‍ പങ്കുവെച്ച് വളരെപ്പെട്ടെന്നു തന്നെ ലവ് ഖാനി ആളുകളുടെ മനം കവര്‍ന്നു.

ഒരു കവിളില്‍ ഇന്ത്യയുടെയും മറു കവിളില്‍ പാക്കിസ്ഥാന്റെയും പതാകകള്‍ വരച്ചു ചേര്‍ത്ത സുന്ദരി സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

പിന്നീട് ലോകകപ്പ് വേദികളിലും താരം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ലവ് ഖാനിയെപ്പറ്റി കൂടുതലായി അന്വേഷിച്ചു തുടങ്ങിയത്. ലവ് ഖാനി എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അറിയപ്പെടുന്ന യുവതിയുടെ യഥാര്‍ഥ പേര് ഫിസ ഖാന്‍ എന്നാണെന്ന് വൈകാതെ ആളുകള്‍ കണ്ടെത്തി.

പാക്കിസ്ഥാനിയാണെങ്കിലും ലവ് ഖാനി ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ താമസിക്കുന്നതുമെല്ലാം യുഎഇയിലാണ്. 1996ല്‍ ഡിസംബര്‍ എട്ടിന് ദുബായിലാണ് ഇവര്‍ ജനിച്ചത്. നിലവില്‍ പാക്കിസ്ഥാനിലെ ഒരു മുന്‍നിര സോഷ്യല്‍മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.

ടിക് ടോക്കില്‍ മാത്രം താരത്തിന് 5.2 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലുമുണ്ട് 4.3 ദശലക്ഷം ഫോളോവേഴ്സ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന റീലുകള്‍ പങ്കുവെച്ചതോടെ താരത്തിനെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വിമാനത്താവളത്തില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റായി ജോലി ചെയ്തിരുന്ന ആളായിരുന്നു ലവ് ഖാനി. കോവിഡ് 19 ലോകത്തെ നിരവധി പേരുടെ ജോലി കളഞ്ഞപ്പോള്‍ ലവ് ഖാനിയുടെ എയര്‍പോര്‍ട്ട് ജോലിയും നഷ്ടമായി. എന്നാല്‍ അതില്‍ തളരാതെ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുവാനാണ് ഇവര്‍ ശ്രമിച്ചത്.

താമസിയാതെ അവള്‍, തന്റെ ഉറ്റസുഹൃത്ത് മാലിക്കിന്റെ സഹായത്തോടെ ഗിഫ്റ്റ് സ്മൈലില്‍ നിക്ഷേപകയായി. പ്രിയപ്പെട്ടവര്‍ക്കും അപരിചിതര്‍ക്കും പുഞ്ചിരി സമ്മാനിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തതോടെ ഗിഫ്റ്റ് സ്മൈലിന്റെ സിഇഒയും ഉടമയുമായി ലവ് ഖാനി മാറി.

ഇതുകൂടാതെ നിരവധി വന്‍ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഇവര്‍. 2019ല്‍ തന്നെയാണ് താരം ടിക് ടോക്കിലേക്ക് വരുന്നതും ലവ് ഖാനി എന്ന പേര് സ്വീകരിക്കുന്നതും. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കും പിന്നീട് പാരീസിലേക്കും ഉള്ള ഒരു യാത്രാ വീഡിയോ ആയിരുന്നു ആദ്യത്തെ ടിക് ടോക്ക് വീഡിയോ.

പിന്നീട് അതിവേഗം സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയായിരുന്നു. നിലവില്‍ ഇന്ത്യയിലുള്ള ലവ് ഖാനി ലോകകപ്പ് വേദികളില്‍ സജീവമാണ്. ഇന്ത്യന്‍ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടാറുണ്ട്.

ലവ് ഖാനി എന്നാല്‍ ‘പ്രേമകഥ’ എന്നാണര്‍ഥം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രിക്കറ്റ് പ്രേമികളെ മോഹിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ലവ് ഖാനി. ലോകകപ്പ് മുന്നേറുന്തോറും ഈ സുന്ദരിയുടെ ആരാധകരായി കൂടുതല്‍ ആളുകളെത്തുന്നു.

 

Related Articles

Back to top button