Cricket

തെളിയിച്ച് കാണിക്കാന്‍ സെലക്ടര്‍മാരുടെ വെല്ലുവിളി; സഞ്ജുവിന്റെ ചുട്ടമറുപടി!!

ഇന്ത്യന്‍ ടീമില്‍ ഏറ്റവും പരിമിതമായ അവസരങ്ങള്‍ കിട്ടിയ ഒരു താരമാണ് സഞ്ജു സാംസണ്‍. പലപ്പോഴും അപ്രധാന പരമ്പരകളില്‍ ഒന്നോ രണ്ടോ മല്‍സരങ്ങള്‍ മാത്രമാകും സഞ്ജുവിന് സെലക്ടര്‍മാര്‍ നല്‍കുക. ഒരു മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ തൊട്ടടുത്ത പരമ്പരയില്‍ ടീമില്‍ പോലും ഇല്ലാത്ത അവസ്ഥ. ഇത്തരമൊരു ആരോപണം ആരാധകര്‍ വലുതായി ഉയര്‍ത്തിയതോടെയാണ് ന്യൂസിലന്‍ഡ് എ ടീമിനെതിരേ സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത്.

വെല്ലുവിളി ഇരുകൈയും നീട്ടി ഏറ്റെടുത്ത സഞ്ജു ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്ന്മാന്റെ റോളിലും നിറഞ്ഞാടി. പരമ്പര 3-0ത്തിന് സ്വന്തം. ഇരുടീമിലുമായി പരമ്പരയിലെ തന്നെ ടോപ് സ്‌കോറര്‍. അതും പ്രഗത്ഭരായ താരങ്ങള്‍ക്ക് കീഴെ ഇന്ത്യയുടെ മധ്യനിരയില്‍ കളിച്ചിട്ടു പോലും. 3 മല്‍സരങ്ങളില്‍ നിന്ന് 120 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സും. 60 ആണ് ആവറേജ്.

സ്‌ട്രൈക്ക് റേറ്റും മോശമല്ല, 88.88. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരവും ഈ മലയാളി തന്നെ. ഏഴു തവണയാണ് സഞ്ജു പന്ത് ആകാശം മുട്ടെ അതിര്‍ത്തി കടത്തിയത്. അതും ന്യൂസിലന്‍ഡിന്റെ മികച്ച പേസര്‍മാര്‍ക്കെതിരേ ഉള്‍പ്പെടെ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ ആരാധകരെ ഏറെ ആകര്‍ഷിച്ച താരവും സഞ്ജു തന്നെ.

ഈ പരമ്പരയില്‍ സഞ്ജു പരാജയപ്പെട്ടിരുന്നെങ്കില്‍ അത് ചൂണ്ടിക്കാട്ടി താരത്തിന് ദേശീയ ടീമിലേക്കുള്ള വഴിയടച്ചേനെ സെലക്ടര്‍മാര്‍. എന്നാല്‍ ഒന്നിനും ഒരു അവസരം പോലും കൊടുക്കാതെ സഞ്ജു തന്റെ പ്രതിഭ കളിക്കളത്തില്‍ കാണിച്ചു കൊടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ നിയമിക്കുമെന്ന വാര്‍ത്തകള്‍ കേട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Related Articles

Back to top button