CricketTop Stories

കാര്യവട്ടത്ത് ഇനിയൊരു ക്രിക്കറ്റ് മല്‍സരം കാണാന്‍ സാധിച്ചേക്കില്ല!!

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരമാകുമോ സെപ്റ്റംബര്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അതിനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം നടക്കുമ്പോള്‍ പ്രതിഷേധ വസ്ത്രമണിഞ്ഞ് സ്റ്റേഡിയത്തിലെത്തി ഇന്ത്യന്‍ ടീമിനെ കൂവാന്‍ ഒരു കൂട്ടം ആളുകള്‍ പദ്ധതിയിട്ടതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിനെതിരേ പ്രതിഷേധം ഉയര്‍ന്നാല്‍ ഭാവിയില്‍ തിരുവനന്തപുരത്തിന് മല്‍സരം അനുവദിക്കാന്‍ ബിസിസിഐ മടിക്കും. സഞ്ജുവിന് വേണ്ടിയെന്ന വ്യാജേന പ്രാദേശിക വികാരം ആളിക്കത്തിക്കാന്‍ ഒരുകൂട്ടം ആളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുന്നുവെന്ന കാര്യം ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സഞ്ജു ഫാന്‍സിന്റെ നീക്കത്തിന്റെ ഫലം അനുവദിക്കേണ്ടി വരിക കേരളത്തിലെ ക്രിക്കറ്റ് ആരാധകരും അതില്‍ കൂടുതല്‍ സഞ്ജു സാംസണും ആകും. കളിക്കാരന്റെ ഭാഗത്തു നിന്നുള്ള തെറ്റല്ലെങ്കിലും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരിക സഞ്ജുവാകും. പ്രാദേശിക വികാരത്തിന്റെ പേരില്‍ പ്രതിഷേധം ഉയര്‍ത്തി ഒരു താരത്തെ ടീമിലെത്തിക്കാമെന്നത് തെറ്റിദ്ധാരണ മാത്രമാണ്.

തുടര്‍ച്ചയായി ഐപിഎല്ലില്‍ തിളങ്ങുന്ന രാഹുല്‍ ത്രിപാദി പോലുള്ള താരങ്ങള്‍ക്ക് ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ലെന്ന കാര്യം ആരാധകര്‍ ചിന്തിക്കുന്നത് ഉചിതമാണെന്ന് വിദഗ്ധരും പറയുന്നു.

എന്തെങ്കിലുമൊരു അനിഷ്ട സംഭവം തിരുവനന്തപുരത്ത് സംഭവിച്ചാല്‍ അത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെയും സഞ്ജുവെന്ന കളിക്കാരന്റെയും കരിയറിന്റെ നാശത്തിലേക്കുള്ള പോക്കായിരിക്കും അത്. അതേസമയം, പ്രതിഷേധത്തിന് നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍കരുതല്‍ എടുത്തു തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button