Cricket

ഈ ഐപിഎല്ലിലെ സൈലന്റ് കില്ലര്‍ അവനായിരുന്നു !! സൂപ്പര്‍താരത്തെ വാനോളം പുകഴ്ത്തി സിദ്ധു

ഏകപക്ഷീയമായ ഫൈനല്‍ മത്സരം വിരസത സൃഷ്ടിച്ചെങ്കിലും ആവേശകരമായ ഒരു ഐപിഎല്‍ സീസണാണ് കടന്നു പോയത്.

ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്ലിലെ തങ്ങളുടെ മൂന്നാം കിരീടം നേടിയത്.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ കൊല്‍ക്കത്തയുടെ മാരക ബൗളിംഗിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അവര്‍ 18.3 ഓവറില്‍ 113ന് ഓള്‍ഔട്ട് ആവുകയായിരുന്നു. കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന് കിരീടം ചൂടുകയും ചെയ്തു.

ഇപ്പോഴിതാ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളെ വെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ധു. സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഈ ഐപിഎല്ലില്‍ പാറ്റ് കമ്മിന്‍സ് ഒരു സൈലന്റ് കില്ലര്‍ ആയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അദ്ദേഹം നയിച്ച രീതി നോക്കൂ. 2016ന് ശേഷം ആദ്യമായി അവര്‍ ഫൈനലില്‍ എത്തി.

ഹൈദരാബാദ് കമ്മിന്‍സിനുവേണ്ടി ചിലവഴിച്ച വലിയ തുക ഏറെ പ്രയോജനമായി. ടീമിനെ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും താരങ്ങളോട് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല.

സീസണിന്റെ തുടക്കം മുതല്‍ കമ്മിന്‍സ് കളിക്കാരെ പ്രചോദിപ്പിച്ചു. അതിന്റെ മികച്ച മുന്നേറ്റത്തിന് കമ്മിന്‍സ് വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ എല്ലാ ക്രെഡിറ്റും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്,’ നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

സണ്‍റൈസേഴ്‌സിനൊപ്പം ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് പാറ്റ് കമ്മിന്‍സ് നടത്തിയത്.

16 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ വീഴ്ത്തിയ താരം. ബാറ്റിംഗില്‍ 22.66 ശരാശരിയിലും 143.15 എന്ന സ്‌ട്രൈക്ക് റേറ്റിലും 136 റണ്‍സ് നേടുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി കമ്മിന്‍സിന്റെ ആദ്യ ഫൈനല്‍ തോല്‍വിയാണിത്.

Related Articles

Back to top button