Cricket

ഇന്ത്യയെ ഞെട്ടിച്ച് പാക്കിസ്ഥാന്‍ !! ലെജന്‍ഡ്‌സ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തോല്‍വി

ഇംഗ്ലണ്ടില്‍സ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണെമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി.

ചിരവൈരികളായ പാക്കിസ്ഥാനോട് 68 റണ്‍സിന്റെ വലിയ തോല്‍വിയാണ് ഇന്ത്യാ ചാമ്പ്യന്‍സ് ഏറ്റു വാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് നിശ്ചിത 20 ഓവറില്‍ 243 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ ഒതുങ്ങി.

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന തുടക്കമായിരുന്നു പാക്കിസ്ഥാന്റേത്.

ഓപ്പണിംഗ് വിക്കറ്റില്‍ വെറും 10.5 ഓവറില്‍ അവര്‍ കൂട്ടിച്ചേര്‍ത്തത് 145 റണ്‍സാണ്. 40 പന്തില്‍ ഒമ്പതു ഫോറും നാലു സിക്‌സും സഹിതം 77 റണ്‍സ് നേടിയ കമ്രാന്‍ അക്മലും 30 പന്തില്‍ ഏഴു ഫോറും അഞ്ചു സിക്‌സും സഹിതം 72 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാനും ചേര്‍ന്ന് ബാറ്റിംഗ് വെടിക്കെട്ടാണ് നടത്തിയത്.


പിന്നാലെ വന്ന ഷൊയ്ബ് മഖ്‌സൂദും മോശമാക്കിയില്ല. 26 പന്തില്‍ രണ്ടു ഫോറും അഞ്ചു സിക്‌സും സഹിതം 51 റണ്‍സാണ് മഖ്‌സൂദ് നേടിയത്. ഷൊയ്ബ് മാലിക്ക് 25 റണ്‍സ് നേടി പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി ആര്‍.പി സിംഗ്, അനുരീത് സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, പവന്‍ നേഗി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി റോബിന്‍ ഉത്തപ്പ(22), അമ്പാട്ടി റായിഡു(39), സുരേഷ് റെയ്‌ന(52) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് വന്നവര്‍ക്ക് തിളങ്ങാനായില്ല.

ഒരു പന്തു പോലും നേരിടും മുമ്പ് യൂസുഫ് പത്താന്‍ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. യുവ് രാജ് സിംഗ്(14), ഇര്‍ഫാന്‍ പത്താന്‍(15), ഹര്‍ഭജന്‍ സിംഗ്(1) എന്നിവരെല്ലാം നിരാശപ്പെടുത്തി. വാലറ്റത്ത് 14 പന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം 20 റണ്‍സ് നേടിയ അനുരീത് സിംഗിന്റെ പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.

പാക്കിസ്ഥാനായി വഹാബ് റിയാസ്, ഷൊയ്ബ് മാലിക് എന്നിവര്‍ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സൊഹെയ്ല്‍ ഖാന്‍, സൊഹെയ്ല്‍ തന്‍വീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്താനും പാക്കിസ്ഥാനു കഴിഞ്ഞു.

Related Articles

Back to top button