Cricket

അമേരിക്കയ്ക്ക് മധുരമുള്ള വിജയങ്ങള്‍ വിളമ്പുന്ന ചായക്കടക്കാരന്‍ !! മൊനാങ്ക് പട്ടേലിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനം

”മൊനാങ്ക് പട്ടേല്‍ ഒരു രാജാവിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നത്” പറഞ്ഞതു മറ്റാരുമല്ല പാക്കിസ്ഥാന്റെ മുന്‍ താരം റമീസ് രാജയാണ്.

ഈ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അവരുടെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ മൊനാങ്ക് സിക്‌സറിനു പറത്തിയപ്പോഴായിരുന്നു രാജയുടെ ഈ പരാമര്‍ശം.

ഒടുവില്‍ പാക്കിസ്ഥാനെതിരേ അമേരിക്ക ചരിത്ര വിജയം നേടിയപ്പോള്‍ കളിയിലെ താരമായതും ടീമിന്റെ നായകന്‍ കൂടിയായ മൊനാങ്ക് തന്നെയായിരുന്നു.

ഒരു നാള്‍ ലോകകപ്പ് കളിക്കുമെന്നത് തന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാതിരുന്ന കാര്യമായിരുന്നുവെന്ന് മൊനാങ്ക് പറയുന്നു.

ഇനി മൊനാങ്കിന്റെ അമേരിക്കന്‍ ജീവിതത്തിലേക്ക് വരാം, അണ്ടര്‍-19 ലെവലില്‍ ഇന്ത്യയില്‍ ശ്രദ്ധ നേടാന്‍ കഴിയാതെ വന്നതോടെയാണ് അക്കരപ്പച്ച തേടി മൊനാങ്ക് 2014ല്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലേക്ക് കുടിയേറുന്നത്.

2016ല്‍ ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞ മൊനാങ്ക് ‘തെരിയാക്കി മാഡ്‌നെസ്’ എന്ന പേരില്‍ ഒരു ചൈനീസ് റസ്റ്ററന്റ് തുറക്കുകയും ചെയ്തു. ദിവസവും 10-12 മണിക്കൂറാണ് മൊനാങ്ക് ഹോട്ടലില്‍ ചെലവഴിച്ചിരുന്നത്. ഇത് രണ്ടു വര്‍ഷം തുടര്‍ന്നു.

കച്ചവടം കുറഞ്ഞതോടെ മാനേജരായ മൊനാങ്കിന് ഷെഫിന്റെ ചുമതല കൂടി നിര്‍വഹിക്കേണ്ടി വന്നു. ഈ സമയത്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടി.

എന്നാല്‍ ദുരിതം അവിടം കൊണ്ടും തീര്‍ന്നില്ല. അമ്മ കാന്‍സറിന്റെ അവസാന സ്‌റ്റേജിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ അദ്ദേഹം ആകെ തകര്‍ന്നു.

സാമ്പത്തികമായും അത് കുടുംബത്തെ തകര്‍ത്തതോടെ തന്റെ ഹോട്ടല്‍ ബിസിനസ് വിറ്റു കളയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ആ സമയത്ത് വെറും 3000 ഡോളര്‍ മാത്രമായിരുന്നു ബാങ്ക് ബാലന്‍സ്.

ഇതേത്തുടര്‍ന്ന് അദ്ദേഹം അമ്മയുമായി ന്യൂജഴ്‌സിയിലേക്ക് മടങ്ങി. 2018 സെപ്റ്റംബറില്‍ നോര്‍ത്ത് കരോലിനയില്‍ വച്ചാണ് മൊനാങ്ക് അമേരിക്കയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

അമേരിക്കയ്ക്കായി കളിച്ച ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ടോപ് സ്‌കോററാകാനും അദ്ദേഹത്തിനു സാധിച്ചു. ഉഗാണ്ടയ്‌ക്കെതിരേ ഒമാനില്‍ വച്ച് സെഞ്ചുറി നേടുകയും ചെയ്തു.

ഈ സമയമായപ്പോഴേക്കും മൊനാങ്കിന്റെ അമ്മ ജീവിതത്തോടു വിടപറയുന്നതിന്റെ പടിവാതില്‍ക്കല്‍ എത്തിയിരുന്നു. മൊനാങ്കിന്റെ സെഞ്ചുറി വിസിലടിച്ചാണ് അമ്മ ആഘോഷിച്ചത്.

ഇതിന് ഒരു മാസത്തിനു ശേഷം മരണക്കിടക്കയില്‍ അമ്മയെ സന്ദര്‍ശിച്ചപ്പോള്‍ ”നന്നായി കളിക്കുക കഠിനാധ്വാനം ചെയ്യുക” എന്നീ വാക്കുകള്‍ മാത്രമാണ് അവര്‍ മൊനാങ്കിനോടു പറഞ്ഞത്.

അമ്മയുമായി തനിക്കുണ്ടായിരുന്നത് അഗാധമായ ബന്ധമായിരുന്നുവെന്നും താന്‍ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നതിന്റെ കാരണം അവരാണെന്നും താരം പറയുന്നു.

അമ്മയുടെ അവസാന വാക്കുകള്‍ അദ്ദേഹത്തിന് പ്രചോദനമായി. 2019ല്‍ നേപ്പാളിനെതിരേ അമേരിക്കയ്ക്കായി വീണ്ടും കളത്തിലിറങ്ങിയെങ്കിലും തിളങ്ങാനാകാതെ വന്നതോടെ അദ്ദേഹത്തിന്റെ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി.

ഇതേത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട മൊനാങ്ക് ‘ഞാന്‍ കഠിനാധ്വാനം ചെയ്യും” എന്ന് നാലു പേപ്പറില്‍ തുടര്‍ച്ചയായി എഴുതുകയാണ് ചെയ്തത്.

ജെ അരുണ്‍കുമാര്‍ പരിശീലകനായി എത്തിയതോടെ മൊനാങ്ക് വീണ്ടും ടീമിലെത്തി. കോവിഡ് കാലത്തിനു ശേഷം ലോകകപ്പ് ലീഗ് 2 ഏകദിനത്തിനായി വീണ്ടും നേപ്പാളിനെതിരേ കളത്തിലിറങ്ങേണ്ടി വന്നു.

കഴിഞ്ഞ തവണ തുടര്‍ച്ചയായി തന്നെ വീഴ്ത്തിയ സന്ദീപ് ലാമിച്ചനെ എന്ന ഭീഷണിയെ ഇത്തവണ അതിജീവിച്ച മൊനാങ്ക് സെഞ്ചുറിയടിച്ച് ടീമിനെ വിജയിപ്പിച്ചാണ് ആ പാപഭാരം തീര്‍ത്തത്.

എന്റെ ആത്മാര്‍ഥതയ്ക്ക് ലഭിച്ച പ്രതിഫലം എന്നായിരുന്നു ഈ പ്രകടനത്തെക്കുറിച്ച് മൊനാങ്ക് പറഞ്ഞത്. ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വച്ച് ആഴ്ചയില്‍ ആറു ദിവസമെങ്കിലും പരിശീലിക്കുമായിരുന്നുവെന്ന് മൊനാങ്ക് പറയുന്നു.

സന്ദീപ് ലാമിച്ചനെയുടെ വീഡിയോകള്‍ സ്ലോ മോഷനില്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ആനന്ദില്‍ ജനിച്ച മൊനാങ്കിന് ജൂനിയര്‍ ലെവലില്‍ ടീമുകളില്‍ സ്ഥാനം ലഭിച്ചില്ല. അഹമ്മദാബാദില്‍ നിന്നും സൂറത്തില്‍ നിന്നുമുള്ള താരങ്ങളായിരുന്നു ആ സമയത്ത് ടീമിലെ സിംഹഭാഗവും.

ഈ രണ്ടു ജില്ലകളില്‍ നിന്നുള്ള ലോബിയും ശക്തമായിരുന്നു. പൂവന്‍ കോഴിയുടെ ചിഹ്നമുള്ള ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജഴ്‌സി അണിയാന്‍ തനിക്ക് ഭാഗ്യമുണ്ടാവില്ലെന്ന് മൊനാങ്കിന് പതിയെ മനസ്സിലായി.

അണ്ടര്‍15 ഇന്റര്‍ ഡിസ്ട്രിക്റ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടി മൊനാങ്ക് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.

പിന്നീട് പല തവണ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ പോലും കയറിപ്പറ്റാനാകെ വന്നതോടെ അദ്ദേഹം അമേരിക്കയ്ക്ക് വിമാനം കയറുകയായിരുന്നു.

2018ല്‍ അമേരിക്കന്‍ ടീമിന്റെ അന്നത്തെ പരിശീലകനായ പുബുഡു ദസനായകെയുടെ കണ്ണില്‍ മൊനാങ്ക് പെടുകയായിരുന്നു. മൊനാങ്കിന്റെ ബാറ്റിംഗ് വീഡിയോകള്‍ കണ്ട അദ്ദേഹം മൊനാങ്കിനെ സെലക്ഷന്‍ ഗെയിമുകള്‍ക്കായി ഉ
ടന്‍ തന്നെ ക്ഷണിക്കുകയും ചെയ്തു.

ഈ സമയത്ത് താരം ഹോട്ടല്‍ ബിസിനസിലായിരുന്നു. അതിനു മുമ്പുള്ള ഒരു വര്‍ഷക്കാലത്തിനിടെ ഒരു ക്രിക്കറ്റ് മത്സരം പോലും കളിച്ചിരുന്നതുമില്ല.

ആദ്യ സെലക്ഷന്‍ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ മൊനാങ്ക് രണ്ടാമത്തെ മത്സരത്തില്‍ അലിഖാനും സൗരഭ് നേത്രവല്‍ക്കറുമടങ്ങിയ ബൗളിംഗ് നിരയ്‌ക്കെതിരേ സെഞ്ചുറി നേടുകയും ചെയ്തു.

സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കില്ലെന്ന് മൊനാങ്കിന് പരിശീലകന്‍ ദസാനായകെയുടെ മുന്നറിപ്പും ഉണ്ടായിരുന്നു.

മത്സരത്തിനിങ്ങുമ്പോള്‍ പുബുഡു ദസനായകെ പറഞ്ഞ ഈ വാക്കുകള്‍ തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും മൊനാങ്ക് പറയുന്നു. ഇത്തരം കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു വന്നത് പിന്നീട് തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും മൊനാങ്ക് പറയുന്നു.

ഇതിന്റെ തുടര്‍ച്ചയായിരുന്നു പാക്കിസ്ഥാനെതിരേ നേടിയ അര്‍ധ സെഞ്ചുറി. മാരകമായ പാക്കിസ്ഥാന്‍ പേസ് ബാറ്ററിയെ കരളുറപ്പോടെ നേരിട്ട മൊനാങ്ക് ക്യാപ്റ്റന്റെ ഇന്നിംഗ്‌സാണ് മത്സരത്തില്‍ കാഴ്ചവച്ചത്.

തുടര്‍ച്ചയായ രണ്ടു ജയത്തോടെ അമേരിക്കയെ സൂപ്പര്‍ എട്ടിനടുത്ത് എത്തിക്കാനും മൊനാങ്കിനായി.

അമേരിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എന്നു പറയുന്നത് മുള്ളു കൊണ്ടുണ്ടാക്കിയ സിംഹാസനത്തിനു സമമാണ്. പര രാജ്യത്തു നിന്നുള്ള പല മത, വംശജരായ കളിക്കാരെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഭാഗ്യവശാല്‍ ഈയൊരു മെയ് വഴക്കം സ്വഭാവികമായുള്ള മൊനാങ്ക് ബുദ്ധിമുട്ടില്ലാതെ ഇക്കാര്യം നിര്‍വഹിക്കുന്നു. ജമെയ്ക്കന്‍ അടക്കമുള്ള സംസാരഭാഷകള്‍ അറിയാവുന്ന താരം കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും ടീമംഗങ്ങളോടൊപ്പം ഒത്തുകൂടാറുണ്ട്.

ടീമംഗങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ റൂമിലെത്താം. അദ്ദേഹം ഉറങ്ങാന്‍ പോകുമ്പോഴും അദ്ദേഹത്തിന്റെ സ്യൂട്ട് റൂമില്‍ പാര്‍ട്ടി തുടരുകയായിരിക്കും.

നാളെ ഇന്ത്യയ്‌ക്കെതിരേയാണ് അമേരിക്കയുടെ മൂന്നാമത്തെ മത്സരം. ഇന്ത്യയ്‌ക്കെതിരായ മത്സരം വിജയിക്കുക ബുദ്ധിമുട്ടാണെങ്കിലും തങ്ങള്‍ക്ക് ഇന്ത്യയെ നേരിടാന്‍ യാതൊരു ഭയവുമില്ലെന്ന് മൊനാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജന്മനാടായ ഇന്ത്യയില്‍ ലഭിക്കാത്ത അവസരങ്ങള്‍ വച്ചു നീട്ടിയ നാടിനായി മൊനാങ്ക് കൈയ്യും മെയ്യും മറന്ന് പൊരുതുമെന്നുറപ്പ്.

Related Articles

Back to top button