CricketIPL

ഐപിഎല്‍ ലേലത്തില്‍ കോടീശ്വരനാകുക മലയാളി ഹിറ്റര്‍?

സഞ്ജു സാംസണിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് രോഹന്‍ എസ്. കുന്നുമ്മല്‍. കേരളത്തിനായി സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തകര്‍ത്തടിക്കുന്ന രോഹനെ മിക്ക ഐപിഎല്‍ ഫ്രാഞ്ചൈസികളും ലക്ഷ്യമിട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരേ കേരളം ഒന്‍പത് വിക്കറ്റിന് ജയിച്ചപ്പോഴും സെഞ്ചുറിയുമായി തിളങ്ങിയത് രോഹനാണ്. വെറും 75 പന്തില്‍ നിന്ന് 107 റണ്‍സെടുത്ത രോഹന്‍ 12 ഫോറും 4 സിക്‌സറുകളും നേടി വീണ്ടും തന്റെ കരുത്തറിയിച്ചു.

അവസാനം കളിച്ച പത്ത് ഇന്നിംഗ്‌സുകളില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും രോഹന്‍ നേടിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ രോഹനെ ലേലത്തില്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. അനായാസമായി വന്‍ ഷോട്ടുകള്‍ കളിക്കാനുള്ള പ്രാപ്തിയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.

രാജസ്ഥാനിലേക്ക് താരം എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകനാണെന്നതാണ് രോഹന് അവിടേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ മറ്റ് ടീമുകളും താരത്തില്‍ വലിയ ശ്രദ്ധ വയ്ക്കുന്നതിനാല്‍ ലേലത്തില്‍ കോടികള്‍ കടക്കുമെന്നാണ് സൂചന.

വിജയ് ഹസാരെ ട്രോഫി നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ നിരീക്ഷകര്‍ കറങ്ങി നടക്കുന്നുണ്ട്. താരങ്ങളുടെ പ്രകടനം നേരിട്ട് കണ്ട് വിലയിരുത്തുകയാണ് ലക്ഷ്യം.

ഈ സീസണില്‍ അബ്ദുള്‍ ബാസിത്, മുഹമ്മദ് അസറുദീന്‍, വിവേക് ചന്ദ്രന്‍, സിജോമോന്‍ ജോസഫ് തുടങ്ങിയ താരങ്ങള്‍ വിവിധ ടീമുകളില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ഈ താരങ്ങളെല്ലാം സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

Related Articles

Back to top button