Cricket

അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയത്, ഭാര്യയെ അപമാനിക്കാനുള്ള ശ്രമം!! പിതാവിന് മറുപടിയുമായി ജഡേജ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പിതാവ് കഴിഞ്ഞ ദിവസം താരത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു.

ജഡേജയ്ക്കും ഭാര്യ റിവാബയ്ക്കും എതിരേ അഞ്ഞടിച്ചു കൊണ്ടാണ് പിതാവ് അനിരുദ്ധ് സിംഗ് രംഗത്തെത്തിയത്. ജഡേയുടെ കല്യാണം കഴിഞ്ഞതു മുതല്‍ തങ്ങളുടെ കുടുംബം വിഭജിക്കപ്പെട്ടെന്നും എല്ലാത്തിനും കാരണം ജഡേജയുടെ ഭാര്യ റിബാവയാണെന്നുമായിരുന്നു അനിരുദ്ധിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ജഡേജ തള്ളിക്കളഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയ അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ ജഡേജ അഭിമുഖത്തെ അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്.

”ആ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം അസത്യമാണ്. ഏകപക്ഷീയമായി പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ തള്ളിക്കളയുകയാണ്.” രവീന്ദ്ര ജഡേജ എക്‌സില്‍ കുറിച്ചു.

”എന്റെ ഭാര്യയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. ഇത് അപലപനീയവും മാന്യതയ്ക്കു നിരക്കാത്തതുമാണ്. എനിക്കും ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ പരസ്യമായി പറയാതിരിക്കുന്നതാണു നല്ലത്.” ജഡേജ പറയുന്നു.

അനിരുദ്ധ് സിംഗിന്റെ വാക്കുകള്‍ ഇങ്ങനെ…

” ഒരു സത്യം എന്നില്‍ നിന്ന് നിങ്ങള്‍ക്കറിയണോ ? രവീന്ദ്ര ജഡേജയും അവന്റെ ഭാര്യ റിവാബയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അവരെ വിളിക്കാറില്ല. അതുപോലെ അവരെന്നെയും വിളിക്കാറില്ല. അവരുടെ കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനുള്ളിലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

നിലവില്‍ ജാംനഗറില്‍ ഞാനൊറ്റയ്ക്കാണ് താമസിക്കുന്നത്. രവീന്ദ്ര അവന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബംഗ്ലാവില്‍ ഭാര്യയോടൊപ്പം അതേ നഗരത്തില്‍ തന്നെ താമസിക്കുന്നു. പക്ഷെ എനിക്ക് അവനെ കാണാന്‍ കിട്ടാറില്ല. അവന്റെ ഭാര്യ എന്ത് മന്ത്രവാദമാണ് അവനില്‍ ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല.

എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണു വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണു ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും നോക്കുന്നത്. അവര്‍ എല്ലാത്തിലും ഇടപെടും.

” അവന്‍ എന്റെ മകനാണ്, അതെന്റെ ഹൃദയം എരിക്കുന്നു. അവനെ വിവാഹം കഴിക്കാന്‍ അനുവദിക്കരുതായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അവന്‍ ഒരു ക്രിക്കറ്റര്‍ ആയില്ലായിരുന്നെങ്കില്‍ ഇതിലും നല്ല ഒരു മനുഷ്യനാവുമായിരുന്നു. അങ്ങനെയെങ്കില്‍ ഈയൊരവസ്ഥയിലൂടെ എനിക്ക് കടന്നു പോവേണ്ടി വരുമായിരുന്നില്ല.” ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ ജഡേജയുടെ പിതാവ് പറഞ്ഞതിങ്ങനെയായിരുന്നു.

Related Articles

Back to top button