IPL

വെടിക്കെട്ടുകാരെ ഒഴിവാക്കി ഞെട്ടിക്കാന്‍ സണ്‍റൈസേഴ്‌സ്! വലിയ മാറ്റത്തിന് നീക്കം!

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ ഐപിഎല്‍ താരലേലത്തിന് എത്തുക അവരുടെ വിലപിടിപ്പുള്ള രണ്ട് താരങ്ങളെ ഒഴിവാക്കി. വിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരാന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരെയാകും ഹൈദരാബാദ് ഒഴിവാക്കുക. രണ്ട് താരങ്ങളും ലോകകപ്പില്‍ ഉള്‍പ്പെടെ മോശം ഫോമിലായിരുന്നു.

ഒരൊറ്റ മല്‍സരത്തില്‍ പൂരാന് ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. മാത്രമല്ല, പൂരാന്റെ ക്യാപ്റ്റന്‍സിയില്‍ നാണംകെട്ട് തോറ്റ് ടീം രണ്ടാം റൗണ്ടിലെത്താതെ പുറത്താകുകയും ചെയ്തു. ഇതാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഹൈദരാബാദ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണ താരലേലത്തില്‍ ആരും വാങ്ങാന്‍ സാധ്യതയില്ലാത്ത താരങ്ങളിലൊരാള്‍ വില്യംസണ്‍ ആകുമെന്നാണ് പല നിരീക്ഷകരുടെയും വിലയിരുത്തല്‍. സമീപകാലത്ത് ട്വന്റി-20യില്‍ മെല്ലെപ്പോക്ക് ഇന്നിംഗ്‌സാണ് വില്യംസണ്‍ കളിക്കുന്നത്. ഇത് അദേഹത്തിന്റെ മൂല്യം ഇടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലും വലിയ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം കൊല്‍ക്കത്ത ഇത്തവണ അജിങ്ക്യ രഹാനെയെ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യര്‍, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണെ, ഉമേഷ് യാദവ് എന്നിവരെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഹെയ്ല്‍സ് വന്നാല്‍ ടീമിനത് വലിയ നേട്ടമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുഹമ്മദ് നബി, ശിവം മാവി, ചമിക കരുണരത്‌നെ, ആരോണ്‍ ഫിഞ്ച് എന്നിവരും ഇത്തവണ നിലനിര്‍ത്തപ്പെടില്ല. കഴിഞ്ഞ കുറെ സീസണുകളിലായി ടീം അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. അതുകൊണ്ട് തന്നെ താരലേലത്തില്‍ ശ്രദ്ധയോടെ ഇടപെടുകയാകും ടീമിന്റെ ലക്ഷ്യം.

ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി മുന്‍ നെതര്‍ലന്‍ഡ്‌സ് താരം റയാന്‍ ടെന്‍ ടോഷയെ നിയോഗിച്ചിട്ടുണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളില്‍ ഐപിഎല്‍ പരിചയമുള്ളവരെ ഉള്‍പ്പെടുത്താനാണ് ടീം ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.

Related Articles

Back to top button