Cricket

ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യ കുറിച്ചത് ചരിത്രനേട്ടം; കേപ്ടൗണ്‍ ടെസ്റ്റില്‍ തകര്‍ന്നത് 92 വര്‍ഷം പഴക്കമുള്ള റെക്കോഡ്

സമീപകാലത്ത് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങളുമായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന ടെസ്റ്റ് അവസാനിച്ചത്.

മത്സരത്തില്‍ ഏഴു വിക്കറ്റിന് വിജയിച്ച ഇന്ത്യ ദ്വിമത്സര പരമ്പര സമനിലയിലാക്കുകയും ചെയ്തു. ഈ ടെസ്റ്റിലെ വിജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഇന്ത്യയെ സഹായിച്ചു.

നിരവധി റെക്കോഡുകളാണ് ന്യൂലാന്‍ഡ്‌സില്‍ കടപുഴകി വീണത്. ക്രിക്കറ്റിലേക്കുള്ള രണ്ടാം വരവില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. ടീമിലെ ആറു പേര്‍ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോഡും ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിലെ തന്നെ മറ്റൊരു സുപ്രധാന റെക്കോഡ് തകരുന്നതിനും ന്യൂലാന്‍ഡ് വേദിയായി. ബോളുകളുടെ അടിസ്ഥാനത്തില്‍,ഏതെങ്കിലും ഒരു ടീം വിജയിക്കുന്ന, ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം എന്ന റെക്കോഡാണ് ഇവിടെ കുറിക്കപ്പെട്ടത്.

92 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തകര്‍ക്കപ്പെട്ടത്. 1932ല്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെല്‍ബണില്‍ നടന്ന മത്സരത്തിലെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ആ മത്സരത്തില്‍ 656 പന്തുകളാണ് എറിഞ്ഞതെങ്കില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം വെറും 642 പന്തുകളില്‍ ഒതുങ്ങിയാണ് റെക്കോഡ് സ്വന്തം പേരിലെഴുതിയത്.

ഇതുകൂടാതെ മറ്റൊരു നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കി. കേപ്ടൗണില്‍ ഒരു ഏഷ്യന്‍ ടീം ടെസ്റ്റ് വിജയിക്കുന്നത് ഇതാദ്യമാണ്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ജയിക്കുന്ന വെറും അഞ്ചാമത്തെ ടെസ്റ്റ് കൂടിയാണിത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ അഗ്രഗേറ്റ് സ്‌കോര്‍(ഇരു രാജ്യങ്ങളും കൂടി നേടുന്ന ആകെ റണ്‍സ്) ഈ മത്സരത്തിലാണ്. നാലിന്നിംഗിസിലുമായി 464 റണ്‍സാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ പിറന്നത്. 2015ലെ നാഗ്പൂര്‍ ടെസ്റ്റില്‍ പിറന്ന 652 റണ്‍സാണ് ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ അഗ്രഗേറ്റ് സ്‌കോര്‍.

രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ ടെസ്റ്റ് മത്സരം അവസാനിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലും 2018ല്‍ അഫ്ഗാനിസ്ഥാനെതിരേ ബംഗളൂരുവിലും രണ്ടു ദിവസത്തിനുള്ളില്‍ കളി അവസാനിച്ചിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടുന്നതില്‍ മുഖ്യപങ്കുവഹിച്ച പേസര്‍ മുഹമ്മദ് സിറാജാണ് കളിയിലെ താരം. വെറും പതിനഞ്ച് റണ്‍സ് വഴങ്ങിയാണ് സിറാജ് ആറു വിക്കറ്റ് വീഴ്ത്തിയത്.

അവസാന ടെസ്റ്റ് മത്സരം കളിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീല്‍ എല്‍ഗറും ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമാണ് പരമ്പരയിലെ താരങ്ങള്‍.

Related Articles

Back to top button