Cricket

കൊടുങ്കാറ്റായി ഷായ് ഹോപ്പ് !! സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് അമേരിക്കയെ നിലംപരിശാക്കി വിന്‍ഡീസ്

ട്വന്റി20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാമത്തെ സൂപ്പര്‍ എട്ട് മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പതു വിക്കറ്റ് വിജയം.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ വെറും 10.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലെത്തുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റതിനാല്‍ വിന്‍ഡീസിനെ സംബന്ധിച്ച് ഈ മത്സരത്തില്‍ മികച്ച വിജയം നേടുക ഒരു അനിവാര്യതയായിരുന്നു.

അതിനാല്‍ തന്നെ ടോസ് നേടിയ അവര്‍ അമേരിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു കാഴ്ച വച്ച പോരാട്ടവീര്യം ആവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് ഇത്തവണ കഴിഞ്ഞില്ല.

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലറെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ആന്‍ഡ്രിയാസ് ഗോസ്-നിതീഷ് കുമാര്‍ സഖ്യത്തിനായി.

എന്നാല്‍ ഏഴാം ഓവറില്‍ നിതീഷ് കുമാര്‍(20) പുറത്തായതോടെ അമേരിക്കയുടെ തകര്‍ച്ച ആരംഭിച്ചു. അധികം വൈകാതെ ടോപ്‌സ്‌കോററായ ആന്‍ഡ്രിയാസ് ഗോസും പുറത്തായി. 29 റണ്‍സായിരുന്നു ഗോസിന്റെ നേട്ടം.

ആരോണ്‍ ജോണ്‍സ്(11), മിലിന്ദ് കുമാര്‍(19), വാന്‍ ഷൈല്‍വിക്ക്(18), അലി ഖാന്‍(14) എന്നിവരും യുഎസ് നിരയില്‍ രണ്ടക്കം കണ്ടു.

നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത റോസ്റ്റന്‍ ചേസാണ് അമേരിക്കയെ തകര്‍ത്തത്. ആന്ദ്രേ റസലും മൂന്നു വിക്കറ്റ് നേടി. അല്‍സാരി ജോസഫ് രണ്ടും ഗുഢാകേശ് മോട്ടി ഒന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഷായ് ഹോപ്പും ജോണ്‍സണ്‍ ചാള്‍സും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഏഴാം ഓവറിലെ അവസാന പന്തില്‍ ടീം സ്‌കോര്‍ 67ല്‍ നില്‍ക്കുമ്പോല്‍ ജോണ്‍സണ്‍ ചാള്‍സ്(15) പുറത്താവുകയായിരുന്നു. ഹര്‍മീത് സിംഗിന്റെ പന്തില്‍ മിലിന്ദ് കുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ഹോപ്പിനു കൂട്ടായി നിക്കോളാസ് പൂറന്‍ എത്തിയതോടെ സ്‌കോറിംഗ് ശരവേഗത്തിലായി. ഇരുവരും ചേര്‍ന്ന് അതിവേഗം കളി ഫിനിഷ് ചെയ്യുകയായിരുന്നു.

39 പന്തില്‍ നാലു ഫോറും എട്ടു സിക്‌സറുമായി ഷായ് ഹോപ്പ് 82 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെ 27 റണ്‍സായിരുന്നു പൂറന്റെ സമ്പാദ്യം.

ഇതോടെ ഒരു ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ന നേടുന്ന താരമായും പൂറന്‍ മാറി. 17 സിക്‌സറുകളാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ഇടങ്കയ്യന്‍ ബാറ്റര്‍ പറത്തിയത്. അമേരിക്കയ്‌ക്കെതിരായ വന്‍വിജയത്തോടെ റണ്‍റേറ്റ് വര്‍ധിപ്പിക്കാനും വെസ്റ്റ് ഇന്‍ഡീസിനായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ 24ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം.

Related Articles

Back to top button