CricketIPL

പാണ്ഡ്യ സ്വത്തുക്കള്‍ ഭാര്യയ്ക്ക് വിട്ടുകൊടുത്തു; വിവാഹജീവിതം തകര്‍ന്നു?

മുംബൈ ഇന്ത്യന്‍സ് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയത്. രോഹിത് ശര്‍മയില്‍ നായകസ്ഥാനം ഹര്‍ദിക് പാണ്ഡ്യയിലേക്ക് മാറ്റാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം മുംബൈയ്ക്ക് തിരിച്ചടിയായി മാറുകയും ചെയ്തു.

ലീഗില്‍ അവസാന സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തുവെന്ന് മാത്രമല്ല ടീമിലെ ഐക്യം തകരുകയും രണ്ട് ചേരി രൂപപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യ കേന്ദ്രകഥാപാത്രമായി മറ്റൊരു വാര്‍ത്തയും പുറത്തു വരുന്നുണ്ട്. അത് കുടുംബജീവിതവുമായി ബന്ധപ്പെട്ടാണ്.

നടിയും നര്‍ത്തകിയുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പാണ്ഡ്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്നാണ് വാര്‍ത്ത. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസമെന്നും വിവാഹമോചനം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. പാണ്ഡ്യ നഷ്ടപരിഹാരമായി തന്റെ സ്വത്തിന്റെ പാതി ഭാര്യയുടെ പേരില്‍ എഴുതി കൊടുത്തെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍ അടുത്ത കാലത്തായി സോഷ്യല്‍മീഡിയയില്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നടാഷയുടെ ജന്മദിനത്തില്‍ ഫോട്ടോയോ ആശംസയോ ഹര്‍ദിക് പങ്കുവച്ചതുമില്ല. സെര്‍ബിയന്‍ മോഡല്‍ കൂടിയായ നടാഷ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പാണ്ഡ്യയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം വിവാഹമോചനത്തിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

ഹര്‍ദിക്കും ഭാര്യയും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ഐപിഎല്‍ വേദികളില്‍ സജീവമായിരുന്ന നടാഷ പക്ഷേ ഈ സീസണില്‍ മല്‍സരങ്ങള്‍ കാര്യമായി കാണാന്‍ വന്നതുമില്ല.

ഹര്‍ദിക് മാനസികമായി ആകെ തളര്‍ന്ന അവസ്ഥയിലാണെന്ന് ഐപിഎല്ലിനിടെ വാര്‍ത്തയുണ്ടായിരുന്നു. ടീമില്‍ സഹതാരങ്ങളില്‍ പലരും അദേഹത്തോട് സംസാരിക്കുക പോലുമില്ലായിരുന്നു. രോഹിതും സൂര്യകുമാറും നെറ്റ് സെഷനില്‍ പരമാവധി പാണ്ഡ്യയെ അവഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാണ്ഡ്യയുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ സാധ്യതകളെയും ബാധിച്ചേക്കും. ടീമിലെ നിര്‍ണായക താരം കൂടിയാണ് പാണ്ഡ്യ. ജൂണ്‍ ആദ്യവാരം വിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ലോകകപ്പ്.

Related Articles

Back to top button