Cricket

ഒരൊറ്റ ജയത്തില്‍ ഡച്ചുകാര്‍ക്ക് കിട്ടിയത് 82 ലക്ഷം രൂപ!! ദക്ഷിണാഫ്രിക്കയ്ക്ക് പണിയായത് 32 റണ്‍സ് ഇഷ്ടദാനം!!

ഐസിസി ലോകകപ്പില്‍ ഇത്തവണ രണ്ടാമത്തെ അട്ടിമറി പിറന്നപ്പോള്‍ നെതര്‍ലന്‍ഡ്‌സിനൊപ്പം അസോസിയേറ്റ് ക്രിക്കറ്റ് ലോകവും ആവേശത്തില്‍. ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കമാണ് അവരെ പ്രതിഷേധത്തിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഡച്ച് ജയം ഐസിസിക്ക് ഏറ്റ തിരിച്ചടി കൂടിയാണ്. കുഞ്ഞന്‍ ടീമുകളെന്ന് എഴുതി തള്ളുന്നവര്‍ അടുത്ത കാലത്തായി ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഒരൊറ്റ ജയത്തിലൂടെ ഡച്ച് ടീം സ്വന്തമാക്കിയത് 82 ലക്ഷം രൂപയാണ്.

ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങളിലെ ഓരോ ജയത്തിനും 82 ലക്ഷം രൂപ വീതമാണ് സമ്മാനം. അഫ്ഗാനിസ്ഥാനും പ്രൈസ് മണിയായി ഇതുവരെ 82 ലക്ഷം രൂപ സ്വന്തമാക്കി. ഇതുവരെ ഒറ്റ പൈസ കിട്ടാത്തത് ശ്രീലങ്കയ്ക്കാണ്.

ഡച്ചുകാര്‍ക്കെതിരേ അപ്രതീക്ഷിത തോല്‍വിയിലേക്ക് ബവുമയെയും സംഘത്തെയും നയിച്ചത് അവരുടെ മോശം ബൗളിംഗ് കൂടിയാണ്. 32 എക്‌സ്ട്ര റണ്‍സാണ് അവര്‍ വിട്ടുകൊടുത്തത്. ഇതില്‍ 21 റണ്‍സും വൈഡാണ്. കളിയില്‍ ഈ റണ്‍സ് നിര്‍ണായകമായി.

ഇത്തവണ ലോകകപ്പ് ജയിക്കുന്നവരെ കാത്തിരിക്കുന്നത് 33 കോടി രൂപയാണ്. കഴിഞ്ഞ തവണയും ഇതേ തുക തന്നെയാണ് കിരീടം നേടുന്നവര്‍ക്ക് ലഭിച്ചത്. രൂപയുടെ നിലവാരം കുറഞ്ഞതിനാല്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 2019 ലേക്കാള്‍ കൂടുതല്‍ തുക വരുമെന്ന് മാത്രം. ഫൈനലില്‍ തോറ്റ് റണ്ണേഴ്സപ്പാകുന്ന ടീമിനെ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. സെമിഫൈനലില്‍ തോറ്റ് പുറത്തായാലും 6 കോടി രൂപ കിട്ടും.

ഗ്രൂപ്പ് സ്റ്റേജിലെ ഓരോ ജയത്തിനും ടീമുകള്‍ക്ക് കിട്ടുക 82 ലക്ഷം രൂപയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 5 കളിയെങ്കിലും ജയിച്ചാല്‍ 4 കോടിയിലധികം രൂപ സമ്മാനമായി മാത്രം കിട്ടും. നെതര്‍ലന്‍ഡ്സ്, അഫ്ഗാനിസ്ഥാന്‍ പോലെ സാമ്പത്തികമായി പിന്നിലുള്ള ബോര്‍ഡുകള്‍ക്ക് ഓരോ ജയവും വലിയ സാമ്പത്തികനേട്ടം കൂടിയാകും.

10 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ഫോര്‍മാറ്റിലെ അവസാന ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. 2027 ലോകകപ്പ് മുതല്‍ 14 ടീമുകളാകും ലോകകപ്പില്‍ മാറ്റുരയ്ക്കുക. കഴിഞ്ഞ തവണയും 10 ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ കളിച്ചത്.

അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടത്ര അവസരം കിട്ടുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചത്. ഇത്തവണ സിംബാബ്വെ, വിന്‍ഡീസ് ടീമുകള്‍ക്ക് ലോകകപ്പിന് യോഗ്യത ലഭിച്ചില്ല. മറ്റ് കായികയിനങ്ങളില്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ ഐസിസി മാത്രം എണ്ണം കുറയ്ക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Articles

Back to top button