Cricket

രഞ്ജി ട്രോഫി കളിക്കാനുള്ള നിര്‍ദ്ദേശം എന്തുകൊണ്ട് അവഗണിച്ചു ? തുറന്നു പറച്ചിലുമായി ഇഷാന്‍ കിഷന്‍

താന്‍ എന്തുകൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തുവെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍.

താരത്തിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ ടീമില്‍ നിന്നുള്ള പുറത്താകലിനു തന്നെ വഴിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന അഞ്ചു മത്സര ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് കിഷന്‍ ഇന്ത്യക്കായി അവസാനമായി കളിച്ചത്.

തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു.

പിന്നീട് രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതോടെ ബിസിസിഐ അദ്ദേഹത്തെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

അന്ന് ഇന്ത്യയുടെ പ്രധാന പരിശീലകന്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡ്, കിഷന്‍ മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും താരം അതിന് കൂട്ടാക്കിയില്ല.

ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും, രഞ്ജി ട്രോഫി കളിക്കാനുള്ള മാനസികാവസ്ഥയല്ലായിരുന്നു ആ സമയത്തെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍.

ഇതേക്കുറിച്ച് കിഷന്‍ പറയുന്നതിങ്ങനെ…’ഞാന്‍ ഒരു ഇടവേള എടുത്തു, അത് സാധാരണമാണ് എന്ന് ഞാന്‍ കരുതുന്നു. ടീമില്‍ തിരിച്ചെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അഭ്യന്തര ക്രിക്കറ്റില്‍ നിങ്ങള്‍ മികവു തെളിയിക്കണം എന്നൊരു നിയമം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ എന്നെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കുക എന്നത് ആ സമയത്ത് അംഗീകരിക്കാവുമായിരുന്നില്ല.

ആ സമയത്ത് ക്രിക്കറ്റ് കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അതായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ തന്നെ കാരണം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പോവുന്നത് ആര്‍ക്കെങ്കിലും ചിന്തിക്കാവുന്ന കാര്യമാണോ. അങ്ങനെയെങ്കില്‍ എനിക്ക് ആ സമയത്ത് ഇന്ത്യയ്ക്കു വേണ്ടി തുടര്‍ന്നു കളിച്ചു കൂടായിരുന്നോ ? കിഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടും തനിക്ക് വേണ്ടത്ര കളിയുടെ അവസരം ലഭിക്കാത്തതിനാല്‍ നിരാശനായിരുന്നുവെന്നും കിഷന്‍ തുറന്നു സമ്മതിച്ചു.

‘ഇത് ഏറെ വിഷമമുണ്ടാക്കുന്നതായിരുന്നു. എല്ലാക്കാര്യങ്ങളും ശരിയായ രീതിയിലാണ് പോകുന്നതെന്ന് പറയാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്താണ് സംഭവിച്ചത് ? എന്തിന് ഇങ്ങനെ സംഭവിച്ചു ? എന്നുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു. കിഷന്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്ക സന്ദര്‍ശനവും രണ്‍ജി ട്രോഫിയും ഒഴിവാക്കിയ ശേഷം, കിഷന്‍ ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍, 14 ഇന്നിംഗ്‌സില്‍ നിന്ന് 22.85 ശരാശരി, 148.83 സ്‌ട്രൈക് റേറ്റില്‍ 320 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതെത്തുടര്‍ന്ന് ട്വന്റി20 ലോകകപ്പിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതുമില്ല.

Related Articles

Back to top button