Cricket

കാര്യവട്ടത്ത് കളി കാണാന്‍ വരുന്നവര്‍ക്ക് കറുപ്പിന് വിലക്ക്!! പണിപാളും

കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20യ്ക്ക് പ്രതിഷേധം ഉണ്ടായേക്കുമെന്ന ജാഗ്രതയില്‍ പോലീസും സംഘാടകരും. ഇതിന്റെ ഭാഗമായി കറുത്ത കുട, കറുത്ത കൊടി എന്നിവയ്‌ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തി. ഇവ കൊണ്ടു വന്നാല്‍ സ്റ്റേഡിയത്തിലേക്ക് കയറാന്‍ പറ്റില്ല.

വൈകുന്നേരം 4.30 മണി മുതല്‍ മാത്രമേ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുകയുളളൂ. സ്റ്റേഡിയത്തിനുളളില്‍ പ്രവേശനം കാണാന്‍ വരുന്നവര്‍ പാസ്സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടു കയറുവാന്‍ അനുവദിക്കുന്നതല്ല.

കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ അനുവദിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവര കാരണവശാലും സ്റ്റേഡിയത്തിനുളളില്‍ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാന്‍ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങള്‍കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.

സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ പാതിയില്‍ ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേല്‍നോട്ടച്ചുമതല എസ്.പി-മാര്‍ക്ക് ആയിരിക്കും.

സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും, ആംഡ് പോലീസ്ബറ്റാലിയനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാന്‍ഡോ സംഘം, ബോംബ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും.

ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തില്‍ മി പോലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം കണ്‍ട്രോള്‍ റൂം അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 സ്‌പെഷ്യല്‍ സ്‌ട്രൈക്കര്‍ ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button