Cricket

ആരോടും മത്സരിക്കാനില്ല…ഇഷാന്‍ കിഷനോടു ബഹുമാനം മാത്രം!! തുറന്നു പറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

7.3 ഓവറില്‍ 52ന് നാല് എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ കൈപിടിച്ചുയര്‍ത്തിയത് തിലക് വര്‍മ(65), നെഹാല്‍ വധേര(49) എന്നിവരുടെ ഇന്നിംഗ്‌സാണ്.

17 ഓവറില്‍ 161 റണ്‍സുണ്ടായിരുന്ന മുംബൈ അനായാസം 200ലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും 18 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മയുടെ പ്രകടനമാണ് അവരെ തകര്‍ത്തത്. അവസാന മൂന്നോവറില്‍ വെറും പതിനെട്ടു റണ്‍സ് മാത്രം നേടിയ അവര്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടും ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു. 60 പന്തില്‍ പുറത്താകാതെ 104 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗാണ് അവര്‍ക്ക് കരുത്തായത്. ഒമ്പത് ബൗണ്ടറികളും ഏഴു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ജോസ് ബട്‌ലര്‍(35), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(38*) എന്നിവരും മികച്ച പ്രകടനം നടത്തിയപ്പോള്‍ രാജസ്ഥാന്‍ അനായാസം വിജയലക്ഷ്യം മറികടന്നു. വിജയത്തോടെ എട്ടു മത്സരങ്ങളില്‍ ഏഴു വിജയവുമായി പ്ലേ ഓഫിനടുത്തെത്താനും രാജസ്ഥാനായി.

അതേസമയം മത്സരത്തിനു മുമ്പ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായി യാതൊരു മത്സരവുമില്ലെന്ന് തുറന്നു പറഞ്ഞ സഞ്ജു സാംസണ്‍. ഇഷാന്‍ കിഷനോട് തനിക്ക് ബഹുമാനം മാത്രമെയുള്ളൂവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇഷാന്‍ കിഷനോട് എനിക്ക് ബഹുമാനം മാത്രമെയുള്ളു. ഇഷാന്‍ മികച്ച കീപ്പറും ബാറ്ററും ഫീല്‍ഡറുമാണ്. എനിക്ക് എന്റേതായ കരുത്തും ദൗര്‍ബല്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആരോടും മത്സരിക്കാറില്ല.

രാജ്യത്തിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും എന്നോട് തന്നെയാണ് എന്റെ മത്സരം. ഒരു ടീമിലെ രണ്ട് കളിക്കാര്‍ പരസ്പരം മത്സരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ലെന്നും സഞ്ജു പറഞ്ഞു.

ഐപിഎല്ലിന് പിന്നാലെ ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീം സെലക്ഷനുള്ള മാനദണ്ഡമായി മാറിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വലിയ മത്സരമാണ് നടക്കുന്നത്. സഞ്ജുവും റിഷഭ് പന്തും കെ എല്‍ രാഹുലും ജിതേഷ് ശര്‍മയുമെല്ലാം മത്സരരംഗത്തുണ്ട്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് വരെ മികച്ച പ്രകടനവുമായി ലോകകപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

റണ്‍വേട്ടയില്‍ മുന്നിലുള്ള വിക്കറ്റ് കീപ്പറായ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും പരിചയസമ്പത്തും ഇടം കൈയന്‍ ബാറ്ററാണെന്നതും കണക്കിലെടുത്ത് റിഷഭ് പന്തിനെ ടീമുലെടക്കുണമെന്നും ആവശ്യമുയരുന്നുണ്ട്.

മികച്ച പ്രകടനവുമായി കെ എല്‍ രാഹുലും കളം നിറയുകയാണ്. റിഷഭ് പന്തും ഇഷാന്‍ കിഷനും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. ജിതേഷ് ശര്‍മ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു വലിയ ഇന്നിംഗ്‌സ് അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല.

Related Articles

Back to top button