Cricket

ഇന്ത്യയ്ക്ക് കട്ടപിന്തുണയുമായി പാക് ആരാധകര്‍; വിചിത്ര പിന്തുണയ്ക്ക് പിന്നില്‍ കൃത്യമായ കാരണം!!

ഇന്ത്യയുടെ തോല്‍വി മാത്രം ആഗ്രഹിച്ചിരുന്ന പാക് ക്രിക്കറ്റ് ലോകം ഇപ്പോള്‍ മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ജയത്തിനായി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് പാക്കിസ്ഥാന്‍ താരങ്ങളും ആരാധകരുമാണ്. ഐസിസി ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ നിലനില്‍പ് ഇനി ഇന്ത്യയുടെ ജയത്തില്‍ കൂടി മാത്രമാണ്.

ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളിയില്‍ നിന്നും ഇപ്പോഴും പോയിന്റൊന്നുമല്ലാത്ത പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഇനി അവര്‍ക്ക് ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചാലും ഇന്ത്യയുടെ സഹായമില്ലാതെ മുന്നോട്ട് ഒരടി പോകാന്‍ പറ്റില്ല. നിലവിലെ അവസ്ഥയില്‍ ഇന്ത്യ എല്ലാ കളിയും ജയിക്കുകയും പാക്കിസ്ഥാന്‍ ബാക്കിയുള്ള മൂന്നിലും ജയിക്കുകയും വേണം.

ഇത്ര മാത്രം പോരാ പാക്കിസ്ഥാന് സെമിയിലെത്താന്‍. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും അവര്‍ക്ക് ബാക്കിയുള്ള മൂന്നില്‍ രണ്ടെണ്ണം എങ്കിലും തോല്‍ക്കുകയോ കൂടുതല്‍ മല്‍സരങ്ങള്‍ മഴമൂലം അവസാനിക്കുകയോ വേണം. ഇതിനൊപ്പം ബംഗ്ലാദേശ് ബാക്കിയുള്ള മൂന്നില്‍ ഒരെണ്ണമെങ്കിലും നല്ല രീതിയില്‍ തോല്‍ക്കുകയും വേണം.

ചുരുക്കത്തില്‍ ഇന്ത്യയുടെ കാരുണ്യം മാത്രമാണ് പാക്കിസ്ഥാന് മുന്നോട്ടുള്ള യാത്രയില്‍ ഗുണം ചെയ്യുകയുള്ളൂ. അടുത്ത കാലത്തൊന്നും ഒരു ടൂര്‍ണമെന്റിലും പാക്കിസ്ഥാന്‍ ഇതുപോലൊരു അവസ്ഥയില്‍ എത്തിയിട്ടുണ്ടാകില്ല.

Related Articles

Back to top button