Cricket

സഞ്ജുവിനെ ‘വാലറ്റം’ ആക്കി സ്വയം തോല്‍ക്കുന്ന കേരള ബ്രില്യന്‍സ്!

സഞ്ജു സാംസണിനെ പോലൊരു ബാറ്റ്‌സ്മാനെ ആറാമതൊക്കെ ബാറ്റിംഗിന് ഇറക്കുന്നത് വലിയൊരു മണ്ടത്തരമാണ്. ഇത്തരത്തിലൊരു മോശം തന്ത്രമാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ രണ്ടു മല്‍സരത്തിലും കേരളം ആവിഷ്‌കരിച്ചത്. ഫലമോ രണ്ടു കളിയിലും തോല്‍വി. വമ്പന്‍ ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായി മൂന്നു വിജയങ്ങളുമായി മുന്നേറിയ ടീമിനാണ് ഈ ഗതിയെന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയ്‌ക്കെതിരായ തോല്‍വി കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് തിരിച്ചടിയായിട്ടുമുണ്ട്.

മഹാരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ 168 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്ന്മാരില്‍ അവസാനക്കാരനായിട്ടാണ് സഞ്ജുവിനെ ഇറക്കിയത്. അതും ആറാമനായി. സഞ്ജു എത്തുമ്പോള്‍ 11 ഓവര്‍ പൂര്‍ത്തിയായിരുന്നു. ജയിക്കാന്‍ വേണ്ടുന്ന റണ്‍റേറ്റ് പത്തിനു മുകളിലും.

ഇത്തരമൊരു സമ്മര്‍ദ ഘട്ടത്തിലേക്ക് സഞ്ജുവിനെ കാത്തുവയ്ക്കാതെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ കളിയുടെ റിസല്‍ട്ട് ചിലപ്പോള്‍ മറ്റൊന്നായി മാറിയേനെ. ക്രീസിലെത്തിയ നിമിഷം മുതല്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ച് സഞ്ജു വിക്കറ്റ് കളഞ്ഞു കുളിക്കുകയും ചെയ്തു. വണ്‍ഡൗണ്‍, സെക്കന്‍ഡ് ഡൗണ്‍ പൊസിഷനുകളില്‍ ഇറങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് താളം കണ്ടെത്താനും കൂടുതല്‍ സമയം ലഭിച്ചേനെ.

സച്ചിന്‍ ബേബി അടക്കമുള്ള താരങ്ങള്‍ മധ്യനിരയില്‍ വേണ്ടത്ര സംഭാവന നല്‍കാത്തത് കേരള ബാറ്റിംഗിനെ വലിയതോതില്‍ ബാധിക്കുന്നുണ്ട്. ആദ്യ കളിയില്‍ തിളങ്ങിയ മുഹമ്മദ് അസ്ഹറുദീന്‍ പിന്നെ തിളങ്ങിയിട്ടില്ല. വിഷ്ണു വിനോദ് ഇതുവരെ ഫോമാകാത്തതും ടീമിനെ ബാധിക്കുന്നു. ആകെ പ്രതീക്ഷയോടെ ബാറ്റുവീശുന്നത് രോഹന്‍ കുന്നുമ്മേല്‍ മാത്രമാണ്.

ആദ്യം ബാറ്റുചെയ്ത മഹാരാഷ്ട്രയെ മുന്നോട്ടു നയിച്ചത് റിതുരാജ് ഗെയ്ക്ക്‌വാദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. മറ്റു ബാറ്റ്‌സ്മാന്മാരില്‍ നിന്നും വലിയ സ്‌കോറുകള്‍ ഉണ്ടായില്ലെങ്കിലും റിതുരാജ് ഒറ്റയ്ക്ക് ടീമിനെ മുന്നോട്ടു നയിച്ചു. കേരള ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധിച്ചു തുടങ്ങിയ ഗെയ്ക്ക്‌വാദ് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 81 റണ്‍സിലെത്തിയപ്പോഴാണ് പിഎച്ച് ഷായിലൂടെ മഹാരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് പോയത്. 31 റണ്‍സെടുത്ത ഷായെ സിജോമോന്‍ ജോസഫാണ് വീഴ്ത്തിയത്. രാഹുല്‍ ത്രിപാദി വന്നപോലെ തന്നെ രണ്ടുപന്തില്‍ പൂജ്യനായി മടങ്ങി. 68 പന്തില്‍ 7 സിക്‌സറുകളും 8 ഫോറും ഉള്‍പ്പെടെ 114 റണ്‍സെടുത്താണ് റിതുരാജ് മടങ്ങിയത്. മികച്ച സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ റിതുരാജിന് സാധിച്ചു.

Related Articles

Back to top button