Cricket

സ്വന്തം ടീമിലെ കളിക്കാരനെ ഫീല്‍ഡില്‍ നിന്ന് ഇറക്കിവിട്ട് രഹാനെ!!

സ്വന്തം ടീമിലെ കളിക്കാരന്‍ എന്തു തോന്ന്യാസം കാണിച്ചാലും പിന്തുണയ്ക്കുന്നവരാണ് ലോക ക്രിക്കറ്റിലെ എല്ലാ ക്യാപ്റ്റന്മാരും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരിക്കുകയാണ് അജിങ്ക്യ രഹാനെ. ദുലീപ് ട്രോഫി മല്‍സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതാരവും സ്വന്തം ടീമായ വെസ്റ്റ് സോണിന്റെ ഓപ്പണറുമായ യശ്വസി ജയ്‌സ്വാളിനെയാണ് രഹാനെ തിരിച്ചയച്ചത്.

കളിയുടെ അഞ്ചാം ദിനത്തില്‍ ബാറ്റിങിനിറങ്ങിയ രവി തേജയെ ജയ്‌സ്വാള്‍ നിരന്തരം സ്ലെഡ്ജ് ചെയ്യുകയും തുടര്‍ന്ന് അമ്പയര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ തക്കസമയത്ത് ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാല്‍ കാര്യങ്ങള്‍ അവിടെ നിന്നില്ല. തേജയെ ജയ്‌സ്വാള്‍ നിരന്തരം ചൊറിഞ്ഞു കൊണ്ടിരുന്നു. ഇരുവരും തമ്മില്‍ ഓരോ പന്ത് കഴിയുമ്പോഴും കോര്‍ക്കുക പതിവായി.

സഹികെട്ട അമ്പയര്‍ രഹാനെയുടെ അടുത്തെത്തി ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു തവണ കൂടി രഹാനെ സ്വന്തം താരത്തിന്റെ അടുത്തെത്തി മര്യാദയ്ക്ക് നില്‍ക്കാന്‍ പറഞ്ഞു. അനുസരിക്കാമെന്ന് പറഞ്ഞ ജയ്‌സ്വാള്‍ അടുത്ത പന്തിലും തേജയുമായി ഉടക്കി. ഒട്ടും സമയം കളയാതെ ജയ്‌സ്വാളിന്റെ അടുത്തെത്തിയ രഹാനെ താരത്തോട് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.

ഞെട്ടിപ്പോയ ജയ്‌സ്വാള്‍ ഒന്നും മിണ്ടാതെ തലതാഴ്ത്തി മടങ്ങി. എതിര്‍ ബാറ്റ്‌സ്ന്മാരും അമ്പയറും പോലും രഹാനെയുടെ നടപടിയില്‍ ഞെട്ടിയെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അമ്പതാം ഓവറില്‍ കയറ്റി വിട്ട ജയ്‌സ്വാള്‍ പിന്നീട് തിരിച്ചെത്തിയത് രവി തേജ പുറത്തായ ശേഷമാണ്. 15 ഓവറുകള്‍ക്കു ശേഷമായിരുന്നു ഈ തിരിച്ചുവരവ്. രഹാനെയുടെ തീരുമാനത്തെ ഏവരും പ്രശംസിക്കുകയും ചെയ്തു.

Related Articles

Back to top button