Cricket

വീണ്ടും മിന്നിക്കത്തി സഞ്ജുവും ഷായും; കിവികളെ പൊരിച്ചടുക്കി!!

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തന്ത്രപൂര്‍വ നീക്കങ്ങളും തകര്‍പ്പന്‍ ബാറ്റിംഗും ന്യൂസിലന്‍ഡ് എയ്‌ക്കെതിരേ ഇന്ത്യന്‍ എയ്ക്ക് ഗംഭീര ജയം സമ്മാനിച്ചു. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡിനെ വെറും 219 റണ്‍സില്‍ ഒതുക്കാന്‍ ഇടയാക്കിയത് സഞ്ജുവിന്റെ ബ്രില്യന്‍ഡ് ക്യാപ്റ്റന്‍സിയാണ്. മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷാ (77), സഞ്ജു (37) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യന്‍ ജയം അനായാസമാക്കി. 4 വിക്കറ്റിനാണ് ജയം.

കഴിഞ്ഞ കളിയില്‍ ഫാസ്റ്റ് ബൗളര്‍മാരെ വച്ച് ന്യൂസിലന്‍ഡ് ബാറ്റ്‌സ്ന്മാരെ ഒതുക്കിയ സഞ്ജു ഇത്തവണ തന്ത്രമൊന്ന് മാറ്റിപ്പിടിച്ചു. പേസര്‍മാര്‍ക്ക് പകരം സ്പിന്നര്‍മാരെ ചുമതല ഏല്‍പ്പിച്ചു. ഒരുഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 106 റണ്‍സെന്ന നിലയിലായിരുന്നു കിവികള്‍. അതും നല്ല റണ്‍റേറ്റില്‍. ന്യൂസിലന്‍ഡ് വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷം.

ഈ സമയത്താണ് ഓള്‍റൗണ്ടര്‍ റിഷി ധവാനെ സഞ്ജു പന്തേല്‍പ്പിക്കുന്നത്. തന്ത്രം പിഴച്ചില്ല. രചിന്‍ രവീന്ദ്രയെ 61 റണ്‍സില്‍ പുറത്താക്കി ധവാന്‍ ബ്രോക് ത്രൂ നല്‍കി. രണ്ട് പന്തിനുശേഷം ക്യാപ്റ്റന്‍ റോബര്‍ട്ട് ഡോണെലിനെ സംപൂജ്യത്തിന് പുറത്താക്കി ധവാന്‍ ഡബിള്‍ സ്‌ട്രൈക്ക് നല്‍കി. പൊതുവേ പരിചയ സമ്പത്ത് കുറഞ്ഞ കിവി മധ്യനിരയെ തകര്‍ക്കാന്‍ മാജിഷ്യന്‍ കുല്‍ദീപ് യാദവിവനെ പിന്നീട് രംഗത്തിറക്കിയ സഞ്ജു നിസാര സ്‌കോറില്‍ അവരെ ഒതുക്കി.

കുല്‍ദീപ് 4 വിക്കറ്റെടുത്തു. അവസാന മൂന്ന് വിക്കറ്റുകള്‍ കിവികള്‍ക്ക് നഷ്ടപ്പെട്ടത് റണ്‍സൊന്നും എടുക്കാതെയാണ്. ഏഴിന് 219 റണ്‍സില്‍ നിന്നാണ് അവര്‍ അതേ സ്‌കോറില്‍ ഓള്‍ഔട്ടായത്. ധവാന്‍, രാഹുല്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ടു വിക്കറ്റും ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പൃഥ്വി ഷായുടെ വെടിക്കെട്ടാണ് കണ്ടത്. വെറും 48 പന്തില്‍ 11 ഫോറും മൂന്നു സിക്‌സറും അടക്കം 77 റണ്‍സെടുത്ത പൃഥ്വി പുറത്താകുമ്പോള്‍ ഇന്ത്യ മൂന്നിന് 133 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തിലക് വര്‍മ കൂടെ പുറത്തായതോടെ സഞ്ജുവിലായി ഉത്തരവാദിത്വം മുഴുവന്‍. കിവി ബൗളര്‍മാരെ കടന്നാക്രമിച്ച സഞ്ജു മേധാവിത്വം പുലര്‍ത്താന്‍ എതിരാളികളെ അനുവദിച്ചില്ല.

രണ്ട് കൂറ്റന്‍ സിക്‌സറുകളും നാല് ഫോറും അടക്കം 35 പന്തില്‍ 37 റണ്‍സ് എടുത്ത സഞ്ജു പുറത്താകുമ്പോള്‍ സ്‌കോര്‍ 180 റണ്‍സ്. പിന്നീട് വലിയ പ്രശ്‌നങ്ങളില്ലാതെ റിഷി ധവാനും ഷാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് ജയത്തിലേക്ക് നയിച്ചു.

Related Articles

Back to top button