Cricket

പാക്കിസ്ഥാന്റെ ഭാവി നിര്‍ണയിക്കുക ദക്ഷിണാഫ്രിക്ക!! അന്ന് ഇന്ത്യയുടെ ദുര്‍വിധി ഇന്ന് ബാബര്‍ക്ക്!

ഈ ലോകകപ്പിലെ ഏറ്റവും എളുപ്പം ഗ്രൂപ്പിലാണ് പാക്കിസ്ഥാന്‍ വന്നുപെട്ടത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ലഭിച്ച പോലെ. പക്ഷേ നിര്‍ണായകമായ ആദ്യ മല്‍സരം തോറ്റതോടെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് സംഭവിച്ച 2021 ലെ ദുര്‍വിധി നേരിടുമോയെന്ന ഭയത്തിലാണ്. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയും സമാനമായ ഗ്രൂപ്പിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പകരം ന്യൂസിലന്‍ഡ് ആയിരുന്നു എന്നു മാത്രം.

ദുര്‍ബലര്‍ മാത്രമുള്ള ഗ്രൂപ്പില്‍ വന്നാല്‍ ഒരു പ്രശ്‌നമുണ്ട്. രണ്ടു ശക്തരോട് തോറ്റാല്‍ നിങ്ങളുടെ കഥകഴിയും. കഴിഞ്ഞ തവണ ഇന്ത്യയ്ക്കു സംഭവിച്ചതും അതാണ്. അനായാസം സെമി കാണുമെന്ന് പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായത് പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും നേരിടേണ്ടി വന്ന തോല്‍വിയാണ്. അന്ന് ഇന്ത്യ അഭിമുഖീകരിച്ചത് ഇന്ന് പാക്കിസ്ഥാന്റെ മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കയോട് ഇനി തോറ്റാല്‍ പാക്കിസ്ഥാന്റെ ലോകകപ്പ് 99.9 ശതമാനം അവിടെ അവസാനിക്കും.

ദക്ഷിണാഫ്രിക്ക അല്ലെങ്കില്‍ അപ്രതീക്ഷിതമായി രണ്ടാംനിര ടീമുകളോട് തോല്‍ക്കണം. ദുര്‍ബലരെന്ന് മുദ്രകുത്തപ്പെട്ടവരെ കൃത്യമായ മുന്നൊരുക്കത്തോടെ മാത്രമാണ് വമ്പന്മാര്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ ഒരു അട്ടിമറി അത്ര എളുപ്പമാകില്ല. വിന്‍ഡീസിനെ അയര്‍ലന്‍ഡും ശ്രീലങ്കയെ നമീബിയയും തോല്‍പ്പിച്ചതിന്റെ ഞെട്ടല്‍ കരുത്തന്മാര്‍ക്ക് വലിയ മുന്‍കരുതലിന് വഴിയൊരുക്കിയിട്ടുണ്ട്.

വലിയ അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ ഇത്തവണ സെമി പോലും എത്തില്ലെന്ന കാര്യം ഉറപ്പാണ്. പാക്കിസ്ഥാന്റെ ഭാവി ഇനി ദക്ഷിണാഫ്രിക്കയുടെ കൈകളില്‍ ആണെന്ന് പറഞ്ഞാല്‍ അതു അതിശയോക്തി ആകില്ല.

Related Articles

Back to top button