Cricket

പാക്കിസ്ഥാന്റെ തോല്‍വി രാജ്യാന്തര പ്രശ്‌നമായി!! ഏറ്റുമുട്ടല്‍ ‘മിസ്റ്റര്‍ ബീനില്‍’; കലിപ്പ് മാറാതെ സിംബാബ്‌വെ

പാക്കിസ്ഥാനെ ഒരു റണ്‍സിന് നാണംകെടുത്തി വിട്ടെങ്കിലും സിംബാബ്‌വെക്കാരുടെ രോഷം അണയുന്നില്ല. സിംബാബ്‌വെയെ അപമാനിച്ച പഴയൊരു സംഭവവുമായി പാക്കിസ്ഥാന്റെ തോല്‍വിയെ ബന്ധപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളുടെ ഭരണാധികാരികള്‍ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. മിസ്റ്റര്‍ ബീന്‍ സംഭവമാണ് പാക്-സിംബാബ്‌വെ പ്രശ്‌നത്തിന്റെ മൂലകാരണവും.

മിസ്റ്റര്‍ ബീന്‍ വിവാദം

മിസ്റ്റര്‍ ബീനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ റൊവാന്‍ അറ്റ്കിന്‍സന്റെ അപരനായ പാക് നടന്‍ ആസിഫ് മുഹമ്മദ് 2016 ല്‍ സിംബാബ്വെയില്‍ ഹാസ്യപരിപാടി അവതരിപ്പിക്കാനെത്തിയിരുന്നു. പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടി ആയിരുന്നു ഇത്. എന്നാല്‍ ആസിഫ് മുഹമ്മദിനെ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനെന്ന് തെറ്റിദ്ധരിച്ച സിംബാബ്വെക്കാര്‍ക്ക് അദ്ദേഹത്തിന്റെ പരിപാടികള്‍ ഒന്നും അത്ര രസിച്ചില്ല.

യഥാര്‍ഥ മിസ്റ്റര്‍ ബീനിനെ അയക്കുമെന്നായിരുന്നു സിംബാബ്‌വെ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപരനെ അയച്ച് തങ്ങളെ പറ്റിക്കുകയായിരുന്നു പാക് സര്‍ക്കാര്‍ ചെയ്തതെന്ന ആരോപണം അന്നേ നിലനിന്നിരുന്നു. ഇതാണ് ഇപ്പോഴത്തെ പാക് തോല്‍വിയോടെ ചാരത്തില്‍ നിന്ന് ഉയിര്‍ത്തു വന്നത്.

പാക്കിസ്ഥാനെ സിംബാബ്വെ തോല്‍പ്പിച്ചതോടെ അടുത്ത തവണ നിങ്ങള്‍ യഥാര്‍ത്ഥ മിസ്റ്റര്‍ ബീനിനെ ഞങ്ങളുടെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സിംബാബ്വെ പ്രസിഡന്റ് എമേഴ്‌സണ്‍ ഡാംബുഡ്‌സോ നാംഗാഗ്വെയുടെ ട്വീറ്റിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ട്വിറ്ററില്‍ മറുപടിയുമായി എത്തിയത്. ഇതോടെയാണ് വിഷയം പാക്-സിംബാബ്‌വെ സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നമായി മാറിയത്.

ഞങ്ങള്‍ക്ക് യഥാര്‍ത്ഥ മിസ്റ്റര്‍ ബീന്‍ ഇല്ലായിരിക്കാം. പക്ഷെ യഥാര്‍ത്ഥ ക്രിക്കറ്റ് സ്പിരിറ്റുണ്ട്. അതുപോലെ ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് ഒരു ശീലമുണ്ട്, തിരിച്ചടികളില്‍ തളരാതെ തിരിച്ചുവരിക എന്നത്, മിസ്റ്റര്‍ പ്രസിഡന്റ് അഭിനന്ദനങ്ങള്‍, നിങ്ങളുടെ ടീം നന്നായി കളിച്ചു എന്നതായിരുന്നു പാക് പ്രധാനമന്ത്രിയുടെ മറുപടി.

സിംബാബ്‌വെ ആരാധകരും രാജ്യത്തെ ജനങ്ങളും വലിയ തോതില്‍ പാക്കിസ്ഥാനെതിരേ രംഗത്തു വന്നിട്ടുണ്ട്. മുന്‍പ് പാക്കിസ്ഥാനില്‍ മറ്റു രാജ്യങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ആദ്യം ആ രാജ്യത്തേക്ക് ധൈര്യപൂര്‍വം എത്തിയ ടീമുകളിലൊന്ന് സിംബാബ്‌വെ ആയിരുന്നു. പുതിയ വിവാദത്തോടെ രാജ്യാന്തര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിയിട്ടുണ്ട്.

Related Articles

Back to top button