Cricket

എല്ലാത്തിനും കാരണം ‘അഡിഡാസ്’; സൂര്യയെ സാംസണ്‍ ജേഴ്‌സിയണിയിച്ചതിന്റെ കാരണം പുറത്ത്!!

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ കളിച്ചിരുന്നില്ല. എന്നാല്‍ സഞ്ജു ആയിരുന്നു ഈ മല്‍സരത്തിലെ ചര്‍ച്ചാവിഷയം. ഇതിന് വഴിയൊരുക്കിയതാകട്ടെ സൂര്യകുമാര്‍ യാദവും.

കളിക്കാനില്ലായിരുന്ന സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞായിരുന്നു സൂര്യ ഇന്നലെ ഫീല്‍ഡിംഗിനും ബാറ്റിംഗിനും ഇറങ്ങിയത്. സ്വന്തം ജേഴ്‌സി ഉണ്ടായിട്ടും എന്തുകൊണ്ടാണ് മറ്റൊരാളുടെ ജേഴ്‌സിയില്‍ സൂര്യ കളത്തിലിറങ്ങിയതെന്ന കൗതുക ചോദ്യം ആരാധകര്‍ക്കിടയില്‍ മുഴങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതിനുള്ള ഉത്തരം വന്നിരിക്കുന്നു. തനിക്കു ലഭിച്ച ജഴ്‌സി ധരിക്കാന്‍ പ്രശ്‌നങ്ങളുണ്ടെന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ അറിയിച്ചിരുന്നു. പുതിയ ജഴ്‌സിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ശേഷമാണ് സൂര്യ ജഴ്‌സിയുടെ വലുപ്പത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നു പരാതി പറഞ്ഞത്.

ഇതോടെ ടീം മാനേജ്‌മെന്റ് ഇടപെട്ട് സഞ്ജുവിന്റെ ജേഴ്‌സി സൂര്യയ്ക്ക് നല്‍കുകയായിരുന്നു. ലാര്‍ജ് സൈസിനു പകരം മീഡിയം ജഴ്‌സിയാണ് സൂര്യകുമാര്‍ യാദവിനു ലഭിച്ചതെന്നാണു വിവരം. താരങ്ങള്‍ ജഴ്‌സിക്കു പിന്നിലെ പേരുകള്‍ മറച്ചുവയ്ക്കരുതെന്ന് ചട്ടമുണ്ട്.

ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷമേ സൂര്യകുമാര്‍ യാദവിനു പുതിയ ജഴ്‌സി ലഭിക്കുകയുള്ളൂ. ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങളും ജഴ്‌സിയെക്കുറിച്ചു പരാതി പറഞ്ഞിട്ടുണ്ട്. ഇവര്‍ക്കും പുതിയ ജഴ്‌സി ലഭിക്കും.

എംപിഎല്ലും കില്ലര്‍ ജീന്‍സുമായിരുന്നു അടുത്ത കാലം വരെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍. ഈ പരമ്പര മുതലാണ് അഡിഡാസ് ഈ കരാര്‍ ഏറ്റെടുത്തത്. പുതിയതായി ജേഴ്‌സി കളിക്കാര്‍ക്ക് നല്‍കിയപ്പോള്‍ അളവില്‍ പ്രശ്‌നം വരികയും ചെയ്തു.

പുതിയ ജേഴ്‌സി വിന്‍ഡീസിലേക്ക് വിമാനത്തില്‍ അയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ലോകോത്തര ബ്രാന്‍ഡായ അഡിഡാസ് ഒട്ടുമിക്ക സ്‌പോര്‍ട്‌സ് ടീമുകളുടെയും ജേഴ്‌സി വിതരണക്കാരാണ്.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ജേഴ്‌സി തയാറാക്കുന്നതും അഡിഡാസാണ്. പുതിയ ഭാവത്തിലും രൂപത്തിലും വരുന്ന ജേഴ്‌സിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

അതേസമയം, വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണിന് ടീമില്‍ അവസരം കിട്ടിയേക്കില്ലെന്നാണ് വിവരം. ഈ മല്‍സരം കൂടി ജയിച്ചാല്‍ ചിലപ്പോള്‍ അവസാന ഏകദിനത്തിന് താരത്തെ പരിഗണിച്ചേക്കും.

Related Articles

Back to top button