Cricket

ഇംഗ്ലണ്ടിനെ തകര്‍ത്താല്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം !! ചരിത്രത്തില്‍ ഒന്നാമനാകും

ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ തവണത്തെ ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന്റെ പാപഭാരം കഴുകിക്കളയാന്‍ കൂടിയാവും ഇന്ത്യ ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇറങ്ങുക.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയത്.

ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ട്വന്റി20യില്‍ ക്യാപ്റ്റന്‍ നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന നായകനായി മാറാന്‍ രോഹിതിന് സാധിക്കും.

ഇന്ത്യയെ 48 ട്വന്റി20 വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി രോഹിത് നിലവില്‍ ഇത്രതന്നെ വിജയങ്ങള്‍ സ്വന്തമാക്കിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനൊപ്പമാണ്.

ഇംഗ്ലണ്ടിനെതിരേ വിജയിക്കാനായാല്‍ റെക്കോഡിന്റെ ഏക അവകാശിയായി മാറാന്‍ രോഹിതിനാവും. ബാബര്‍ അസം 85 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിജയം നേടിയതെങ്കില്‍ രോഹിതിന് വെറും 60 മത്സരങ്ങളാണ് വേണ്ടി വന്നത്.

45 ജയവുമായി ഉഗാണ്ടയുടെ നായകന്‍ ബ്രയാന്‍ മസാബയാണ് മൂന്നാമത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍(44), അഫ്ഗാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍(42)എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

അതേസമയം ഇംഗ്ലണ്ടിനോട് ഇന്ത്യ കണക്കു തീര്‍ക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 2022ലെ തോല്‍വിയ്ക്ക് രണ്ടു വരഷത്തിനിപ്പുറം പകരം വീട്ടാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ രോഹിത് ശര്‍മയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓസീസിനെതിരേ 41 പന്തില്‍ ഏഴു ഫോറും എട്ടു സിക്‌സറുകളും സഹിതം 92 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

Related Articles

Back to top button