Cricket

ഹര്‍മന്‍പ്രീത് കൗറുമായി യാതൊരു ശത്രുതയുമില്ല!! ഇത് മത്സരക്രിക്കറ്റ് മാത്രമാണെന്ന് അലീസാ ഹീലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ശത്രുതയിലാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ വെറും വിഡ്ഢിത്തങ്ങളെന്ന് ഓസ്‌ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ അലീസാ ഹീലി. തങ്ങളിരുവരും മത്സര ക്രിക്കറ്റ് കളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹീലി വ്യക്തമാക്കി.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യം നടന്ന ടെസ്റ്റ് മത്സരത്തില്‍ ചരിത്രജയം നേടാന്‍ ഇന്ത്യയ്ക്കായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

എന്നാല്‍ തുടര്‍ന്നു നടന്ന ഏകദിന പരമ്പര 3-0നും ട്വന്റി20 പരമ്പര 2-1നും സ്വന്തമാക്കി ഓസ്‌ട്രേലിയ തിരിച്ചടിച്ചിരുന്നു.

”ഞാന്‍ ഇതിനെ ഇവിടെ നടന്ന മത്സരക്രിക്കറ്റിന്റെ ഭാഗം മാത്രമായി കാണാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ടീമിനു വേണ്ടത് ഞങ്ങള്‍ ചെയ്തു.” മൂന്നാമത്തെ ട്വന്റി20യില്‍ ഏഴു വിക്കറ്റിനു ജയിച്ച ശേഷം അലീസ പറഞ്ഞു.

താനും ഹര്‍മന്‍പ്രീതും ശത്രുതയിലാണെന്ന ധാരണ ആളുകള്‍ക്ക് വരാന്‍ കാരണം തങ്ങള്‍ ഇരുവരും തങ്ങളുടെ ചുമതലകളെ വ്യത്യസ്ഥമായ രീതിയില്‍ സമീപിക്കുന്നതു കൊണ്ടാണെന്നും അലീസ പറഞ്ഞു.

ടെസ്റ്റ് മത്സരത്തിനിടെ അലീസ ബാറ്റ് ചെയ്യുന്നതിനിടെ ഹര്‍മന്‍പ്രീത് പന്ത് അവള്‍ക്കു നേരെ വലിച്ചെറിഞ്ഞിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അതിനെ സമീപിച്ച അലീസയുടെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ച് ഹര്‍മന്‍പ്രീത് അപ്പീല്‍ ചെയതെങ്കിലും നിരസിക്കപ്പെട്ടു.

”ഞങ്ങള്‍ രണ്ടുപേരും ക്യാപ്റ്റന്‍സിയുടെ ചുമതലയെ വ്യത്യസ്ഥമായി സമീപിക്കുന്നവരാണ്. അത് അവള്‍ അങ്ങനെ കൈകാര്യം ചെയ്യുന്നു. പക്ഷെ എന്റെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ തമ്മില്‍ യാതൊരു ശത്രുതയുമില്ല” മത്സരശേഷം അലീസ പറഞ്ഞു.

”ദിവസത്തിന്റെ അവസാനം സ്റ്റംപിനു പിന്നില്‍ നിന്ന് ചിരിക്കാന്‍ വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത്. ഇതൊക്കെ പുറത്തെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഇതൊക്കെ നേരിടാനും നിങ്ങള്‍ക്ക് കഴിയണം.” ഹീലി പറയുന്നു.

ഹര്‍മന്‍പ്രീതും സംഘവും ഈ സീരീസിലെ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചു വരുമെന്ന് ഹീലി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ്, അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയിലേക്കുള്ള മുന്നൊരുക്കത്തിന്റെ തുടക്കമായാണ് ഇന്ത്യന്‍ പര്യടനത്തെ കാണുന്നതെന്നും ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.

Related Articles

Back to top button