CricketTop Stories

സിറ്റി ഗ്രൂപ്പ് മാതൃക ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ്!

ലോക ഫുട്‌ബോളില്‍ വിവിധ രാജ്യങ്ങളിലായി നിരവധി ക്ലബുകള്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് സ്വന്തമായുണ്ട്. ഈ രീതിയില്‍ ക്രിക്കറ്റിലും ഒരു സിറ്റി ടച്ച് കൊണ്ടു വരികയാണ് മുംബൈ ഇന്ത്യന്‍സും അതിന്റെ ഉടമകളായ റിലയന്‍സ് ഗ്രൂപ്പും.

ദക്ഷിണാഫ്രിക്കയില്‍ പുതിയതായി തുടങ്ങുന്ന ലീഗില്‍ ഒരു ടീമിനെ സ്വന്തമാക്കി അതിനവര്‍ തുടക്കം കുറിക്കുകയും ചെയ്തു. എംഐ കേപ് ടൗണ്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ കൂടാതെ യുഎഇ ലീഗിലും അവര്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. എംഐ എമിറേറ്റ്‌സ് എന്നാണ് ടീമിന്റെ പേര്.

ഈ ടീമുകളുടെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് ആയി മഹേള ജയവര്‍ധനെ അവരോധിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ച് സ്ഥാനത്തു നിന്നുമാണ് ജയവര്‍ധനയ്ക്ക് ആഗോള തലത്തിലേക്ക് പ്രമോഷന്‍ കിട്ടിയത്.

മുംബൈ ഇന്ത്യന്‍സില്‍ പ്രധാന റോളില്‍ ഉണ്ടായിരുന്ന സഹീര്‍ ഖാനും പ്രധാന റോളിലുണ്ട്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സില്‍ നിന്ന് ഗ്ലോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്‌മെന്റ് ആയിട്ടാണ് സഹീറിനെ പുനപ്രതിഷ്ടിച്ചത്.

മറ്റ് രാജ്യങ്ങളില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളെ ഇന്ത്യന്‍ കമ്പനികളും ഐപിഎല്‍ ടീമുകളും വാങ്ങിയിരുന്നു.

ലോകക്രിക്കറ്റിലെ പ്രധാന ലീഗുകളിലെ ഫ്രാഞ്ചൈസികളെ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുന്നത് ഭാവിയില്‍ ക്രിക്കറ്റിന് വലിയ ദോഷം ചെയ്‌തേക്കുമെന്ന വാദം ശക്തമാണ്. ഇപ്പോള്‍ തന്നെ ഐപിഎല്ലിന്റെ സൗകര്യത്തിനാണ് ലോക ക്രിക്കറ്റിലെ പരമ്പരകള്‍ മറ്റ് ബോര്‍ഡുകള്‍ തയാറാക്കുന്നത്.

Related Articles

Back to top button