Cricket

അങ്ങനെ കളിക്കുന്നതാണ് എന്റെ വിജയത്തിനു കാരണം!! തുറന്നു പറച്ചിലുമായി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാസണിന്റെ ഒറ്റയാള്‍ പോരാട്ടം ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റി. മത്സരത്തില്‍ 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു നേടിയത്. എട്ടു ഫോറും ആറു സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 221 റണ്‍സാണ് അടിച്ചു കൂട്ടിയത്. ജേക് ഫ്രേസര്‍ മഗ്ഗുര്‍ക്ക്(50), അഭിഷേക് പോറല്‍(65), ട്രിസ്റ്റിയന്‍ സ്റ്റബ്‌സ്(41) എന്നിവരുടെ മികച്ച ബാറ്റിംഗാണ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റോയല്‍സിനായി അശ്വിന്‍ മൂന്നു വിക്കറ്റ് നേടി.

അതേ സമയം 222 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനായി സഞ്ജുവിനു മാത്രമാണ് തിളങ്ങാനായത്. ഇപ്പോഴിതാ കളിയില്‍ വന്ന മാറ്റത്തെക്കുറിച്ച് തുറന്നു പറയുകയാണ് സഞ്ജു സാംസണ്‍.

നേരിടുന്ന ആദ്യ പന്തില്‍ തന്നെ അവസരം ലഭിച്ചുകഴിഞ്ഞാല്‍ മറ്റൊന്നും നോക്കാതെ വലിയ ഷോട്ടുകള്‍ കളിക്കുന്ന രീതിയിലേക്ക് മാറിയതാണ് തന്നെ ട്വന്റി20യില്‍ സമീപകാലത്ത് വിജയിക്കാന്‍ സഹായിക്കുന്നതെന്ന് താരം വ്യക്തമാക്കി.

ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജു ട്വന്റി20 ലോകകപ്പിനുള്ള ടീമിലും ഇടംപിടിച്ചിരുന്നു. നിലവില്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് സഞ്ജു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിച്ച താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”ഇത് ഒരു 20 ഓവര്‍ ഗെയിമാണ്. അതിനാല്‍ ഒരു ഓവര്‍ എന്ന് പറയുന്നത് ഇന്നിംഗ്‌സിന്റെ അഞ്ചു ശതമാനമാണ്. നമുക്ക് ക്രീസില്‍ ഇറങ്ങി 10 റണ്‍ നേടി കഴിഞ്ഞേ ഞാന്‍ ആക്രമിക്കൂ എന്ന് പറയാന്‍ പറ്റില്ല. അതിനുള്ള സമയം ഇല്ല എന്നതാണ് സത്യം.

”ഈ ഫോര്‍മാറ്റില്‍ ഒരു ഉദ്ദേശ്യമേ ഉള്ളൂ ബൗണ്ടറികള്‍ അടിക്കണം. സിക്്‌സറുകള്‍ക്കായി നിങ്ങള്‍ നോക്കണം. ആ ഇംപാക്ട് റോള്‍ നിങ്ങള്‍ എത്രയും വേഗം ചെയ്യണം,” സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

”ഈ ഫോര്‍മാറ്റില്‍ റണ്ണുകള്‍ നേടുന്നതിന് വ്യക്തിഗത പാറ്റേണുകളൊന്നുമില്ല. ഒരേയൊരു വഴിയേയുള്ളൂ നിങ്ങള്‍ പോയി ആധിപത്യം സ്ഥാപിക്കുക. നിങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നില്ലെങ്കില്‍, നിങ്ങള്‍ സ്വയം പുറത്താകുമെന്നും നിങ്ങളുടെ ടീമംഗങ്ങള്‍ പോയി ആധിപത്യം സ്ഥാപിക്കുമെന്നും നിങ്ങള്‍ വിചാരിക്കുന്നു. പക്ഷേ, എല്ലാവരും ആധിപത്യം പുലര്‍ത്തുന്നില്ലെങ്കില്‍, ഞങ്ങള്‍ കളിയില്‍ തോല്‍ക്കും. അതിനാല്‍ ആ രീതിയില്‍ വേണം കളിക്കാന്‍.”

എന്തായാലും ഡല്‍ഹിയ്‌ക്കെതിരായ മത്സരം തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിനായി.

Related Articles

Back to top button