Cricket

141 പന്തില്‍ 277 റണ്‍സ്!! ഹോ ജഗദീശന്‍ വെടിക്കെട്ട് !!

ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയുമായി തമിഴ്‌നാടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നാരായണ്‍ ജഗദീശന്‍. അരുണാചല്‍ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫിയിലാണ് തമിഴ്‌നാടിനായി കളിച്ച ജഗദീശന്റെ വെടിക്കെട്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരമായ ജഗദീശനെ ഇത്തവണ ടീം റിലീസ് ചെയ്തിരുന്നു.

താരതമ്യേന ദുര്‍ബല ടീമാണ് അരുണാചല്‍. അവര്‍ക്കെതിരായ പ്രകടനത്തെ വലിയ നേട്ടമായി കാണേണ്ടതില്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ ജഗദീശന് ഇതു വഴിയൊരുക്കും. അടുത്ത ഐപിഎല്‍ ലേലത്തിലും താരത്തിന് ഇതു ഗുണം ചെയ്യും.

ആദ്യം ബാറ്റുചെയ്ത തമിഴ്‌നാടിനായി 102 പന്തില്‍ 154 റണ്‍സെടുത്ത സായി സുദര്‍ശനും മികച്ച പ്രകടനം നടത്തി. 19 ഫോറും രണ്ട് സിക്‌സറുകളും സായിയുടെ ബാറ്റില്‍ നിന്നും പിറന്നു. 25 ഫോറുകളും 15 സിക്‌സറുകളും ജഗദീശന്‍ അടിച്ചു. 190 റണ്‍സുകളും ബൗണ്ടറിയിലൂടെയാണ് ജഗദീശന്‍ നേടിയത്. തമിഴ്‌നാടിന്റെ ടീം സ്‌കോര്‍ 500 പിന്നിടുകയും ചെയ്തു.

അരുണാചലിനായി പന്തെറിഞ്ഞ ചേതന്‍ ആനന്ദ് 10 ഓവറില്‍ വിട്ടുകൊടുത്തത് 114 റണ്‍സാണ്. ഇതും ആഭ്യന്തര ക്രിക്കറ്റിലെ ഒരു മോശം റിക്കാര്‍ഡ് ആണ്. വടക്കു കിഴക്കന്‍ ടീമുകള്‍ ക്രിക്കറ്റില്‍ അത്ര മുന്നിലല്ല. അസം മാത്രമാണ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത്.

Related Articles

Back to top button