Football

മെസി പരിശീലനം നടത്തുന്നത് ഏകനായി; ആശങ്കയോടെ അര്‍ജന്റീന!

ലോകകപ്പില്‍ ആദ്യ മല്‍സരത്തിനിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കാര്യങ്ങള്‍ അത്ര പന്തിയല്ല അര്‍ജന്റൈന്‍ ക്യാംപില്‍. ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം 3.30നാണ് അര്‍ജന്റീന ഏഷ്യന്‍ ശക്തരായ സൗദി അറേബ്യയെ നേരിടുന്നത്.

വ്യാഴാഴ്ച്ചയാണ് യുഎഇയില്‍ നിന്ന് അര്‍ജന്റീന ടീം ഖത്തറിലെത്തിയത്. ഇതിനുശേഷം നടത്തിയ പരിശീലന സെഷനില്‍ തനിച്ചാണ് ലയണല്‍ മെസി പരിശീലനത്തിനായി എത്തിയത്. പരിക്കിന്റെ ചെറിയ പ്രശ്‌നങ്ങള്‍ മെസിക്കുണ്ടെന്നാണ് മാര്‍ക്ക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശനിയാഴ്ച്ചത്തെ പരിശീലന സെഷനില്‍ ചെറിയ ചെറിയ വ്യായാമ മുറകളാണ് സൂപ്പര്‍ താരം ചെയ്തത്. പരിക്കുണ്ടെങ്കിലും ലോകകപ്പിലെ പ്രകടനത്തെ അതു ബാധിക്കില്ലെന്ന വിവരമാണ് ചില സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാര്‍ ഖത്തറില്‍ നിന്ന് പങ്കുവയ്ക്കുന്നത്.

ചൊവ്വാഴ്ച്ചത്തെ മല്‍സരത്തില്‍ മെസി തീര്‍ച്ചയായും കളിക്കുമെന്നും വലിയ പ്രശ്‌നങ്ങളൊന്നും അദേഹത്തെ അലട്ടുന്നില്ലെന്നുമാണ് ടീം വക്താക്കള്‍ പറയുന്നത്.

അര്‍ജന്റീന ടീമിന്റെ മെഡിക്കല്‍ ഓഫീസര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് മെസിയുടെ പരിശീലന സെഷനുകള്‍ നിയന്ത്രിക്കുന്നത്. മെസിക്കൊപ്പം ഏറെക്കുറെ മുഴുവന്‍ സമയവും അദേഹം ഉണ്ടായിരുന്നു. ജിം സെഷനുകളില്‍ ഉള്‍പ്പെടെ സജീവമാണ് അര്‍ജന്റീന ടീം. ഗ്രൂപ്പ് സിയില്‍ പോളണ്ടിനും മെക്‌സിക്കോയ്ക്കും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന കളിക്കുന്നത്.

Related Articles

Back to top button