Cricket

ഇത് ഹാര്‍ദിക്കിന്റെ ‘പട്ടിഷോ’ !! മുംബൈ ഇന്ത്യന്‍സ് നായകനെതിരേ വീണ്ടും കൂവലുമായി ആരാധകര്‍

ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലെ വിജയത്തോടെ വിജയവഴിയില്‍ തിരികെയെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 7 വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 27 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയിച്ചു കയറുകയായിരുന്നു.

മുംബൈ ഗംഭീര ജയം നേടിയെങ്കിലും നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ജയിക്കുമെന്നുറപ്പായപ്പോള്‍ തിലക് വര്‍മയ്ക്ക് മുമ്പ് ബാറ്റിങ്ങിനിറങ്ങി ഹീറോയാവാന്‍ ഹാര്‍ദിക് ശ്രമിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

എളുപ്പത്തില്‍ കൈയടി നേടാന്‍ ഹാര്‍ദിക് നടത്തിയത് ചീപ്പ് ഷോയാണെന്നാണ് ആരാധക പക്ഷം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെതിരേ ട്രോളുകളും കുറവല്ല.

197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഗംഭീര തുടക്കമാണ് ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഇഷാന്‍ 34 പന്തില്‍ 7 ഫോറും 5 സിക്സും ഉള്‍പ്പെടെ 69 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സും നേടി.

ഓപ്പണിംഗ് വിക്കറ്റില്‍ 101 റണ്‍സാണ് പിറന്നത്. മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 52 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ മുംബൈ വിജയം ഉറപ്പിച്ചു.

മുംബൈ വിജയം ഉറപ്പിച്ചതോടെയാണ് തിലക് വര്‍മയ്ക്കു മുമ്പിലായി ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയ ഹാര്‍ദിക് 6 പന്തില്‍ പുറത്താവാതെ 21 റണ്‍സാണ് നേടിയത്.

മൂന്നു സിക്സുകള്‍ ഉള്‍പ്പെടെ 350 സ്ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക്കിന്റെ പ്രകടനം. മുംബൈ വിജയം ഉറപ്പിച്ച ശേഷമാണ് ഹാര്‍ദിക്കിന്റെ കടന്നാക്രമണം. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെയാണ് ഹാര്‍ദിക് ബാറ്റു ചെയ്യാനെത്തിയത്.

ഹാര്‍ദിക് ബാറ്റു ചെയ്യാനെത്തിയപ്പോള്‍ പതിവുപോലെ ആരാധകര്‍ കൂവിയിരുന്നു. മുംബൈയെ വിജയത്തിലേക്കെത്തിച്ച ശേഷമുള്ള ഹാര്‍ദിക്കിന്റെ പെരുമാറ്റം താനാണ് കളി ജയിപ്പിച്ചത് എന്ന് തോന്നിപ്പിക്കുന്ന പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക് സ്വയം താന്‍ വലിയ ആളാണെന്ന് കരുതുന്നവന്‍ മാത്രമല്ല ഹീറോയാവാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

ജയിക്കുമെന്നുറപ്പായ മത്സരത്തില്‍ നേരത്തെ ബാറ്റ് ചെയ്യാനെത്തി ടീമിനെ വിജയത്തിലേക്കെത്തിച്ച് ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഹാര്‍ദിക് നടത്തിയതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

മുംബൈ ജയിക്കുമ്പോഴും ഹാര്‍ദിക്കിനെതിരായ ആരാധകരുടെ മനോഭാവത്തില്‍ വലിയ മാറ്റമില്ലെന്നാണ് ആര്‍സിബിക്കെതിരായ മത്സരത്തില്‍ നിന്ന് വ്യക്തമായത്.

ഹാര്‍ദിക്കിനെതിരേ ഇപ്പോഴും ആരാധകര്‍ കട്ട കലിപ്പിലാണ്. ഹാര്‍ദിക്കിനെ പ്രകോപിപ്പിക്കാന്‍ രോഹിത് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടില്ല.

ഹാര്‍ദിക് പന്തെറിയാനെത്തിയപ്പോള്‍ രോഹിത്തിന്റെ പേരുവിളിച്ചാണ് ആരാധകര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഹാര്‍ദിക്കിനെ സിക്സര്‍ പറത്തിയപ്പോള്‍ ആരാധകര്‍ കൂവി വിളിക്കുകയും ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യക്കെതിരായ പ്രതിഷേധം ഉടനൊന്നും അവസാനിക്കാന്‍ പോവുന്നില്ല എന്നാണ് സൂചന.എന്നാല്‍ ടീമെന്ന നിലയില്‍ മുംബൈ ഒത്തിണക്കത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ ഫലം അവസാന രണ്ട് മത്സരത്തിലും മുംബൈക്ക് ലഭിച്ചിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിന്റെ മടങ്ങിവരവാണ് ഇതില്‍ നിര്‍ണായകമായതെന്ന് നിസംശയം പറയാം. സൂര്യയുടെ ശക്തമായ സാന്നിദ്ധ്യം നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തുടര്‍ച്ചയായി കളി ജയിച്ചാല്‍ കാണികള്‍ക്ക് ഹാര്‍ദിക് പാണ്ഡ്യയോടുള്ള മനോഭാവത്തിലും മാറ്റം വന്നേക്കാം.

Related Articles

Back to top button