Cricket

‘തല’ എന്നെ അനുഗ്രഹിക്കണം!! മത്സരത്തിനിടെ ഗ്രൗണ്ടില്‍ കടന്നുകൂടി ധോണിയുടെ കാലില്‍ വീണ് ആരാധകന്‍; വീഡിയോ

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി ഏറ്റു വാങ്ങിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഓപ്പണര്‍മാരായ സായ്‌സുദര്‍ശന്‍(103), ശുഭ്മാന്‍ ഗില്‍(104) എന്നിവരുടെ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ 231 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ചെന്നൈയുടെ മറുപടി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196ല്‍ അവസാനിച്ചു. ഡാരില്‍ മിച്ചല്‍(63), മോയീന്‍ അലി(56) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. അതേ സമയം വാലറ്റത്ത് എംഎസ് ധോണി നടത്തിയ വെടിക്കെട്ട് കളി തോറ്റെങ്കിലും ആരാധകരെ രസിപ്പിച്ചു.

11 പന്തില്‍ മൂന്നു സിക്‌സറുകളും ഒരു ഫോറും സഹിതം 26 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. മൂന്നു വിക്കറ്റ് നേടിയ മുന്‍ ചെന്നൈ താരം മോഹിത് ശര്‍മയാണ് അവരെ തകര്‍ത്തത്.

അതേസമയം മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ശേഷം എംഎസ് ധോണിയുടെ കാലില്‍ വീണ ആരാധകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആരാധകനെ ധോണി പിടിച്ചെഴുന്നേല്‍പ്പിക്കുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചു കൊണ്ടു പോവുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചെന്നൈയുടെ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാനെ രണ്ട് സിക്സറടിച്ചതിന് പിന്നാലെയുള്ള പന്തില്‍ ധോണിയുടെ എല്‍ബിഡബ്ല്യു നിരസിച്ചിരുന്നു.

പിന്നാലെ ഗുജറാത്ത് ഡിആര്‍എസ് ആവശ്യപ്പെടുകയും പരിശോധനയില്‍ പന്ത് സ്റ്റംപിന് പുറത്താണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

ഉടനെ ധോണിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച ധോണി ചേര്‍ത്തുപിടിച്ചു. അല്‍പ്പനേരം അയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.


പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ധോണിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് തെളിവാകുകയാണ് ഈ ദൃശ്യങ്ങള്‍.

Related Articles

Back to top button