Cricket

24 മണിക്കൂറില്‍ തോറ്റമ്പിയത് രണ്ട് ലോകചാമ്പ്യന്മാര്‍; അസോസിയേറ്റ് ക്രിക്കറ്റ് വളരുന്നു!

ലോകത്തെ രണ്ട് പ്രധാനപ്പെട്ട കായിക സംഘടനകളാണ് ഫിഫയും ഐസിസിയും. ഫിഫ ഫുട്‌ബോളിനെ കൂടുതല്‍ ജനകീയമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്നു. മറുവശത്ത് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം ചുരുക്കാന്‍ തുനിഞ്ഞാണ് ഐസിസി പ്രവര്‍ത്തിക്കുന്നത്. ഏകദിന ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പത്താക്കി ചുരുക്കിയാണ് ഐസിസി ക്രിക്കറ്റിനെ ഉദ്ധരിക്കുന്നത്. ഫിഫയാകട്ടെ ലോകകപ്പ് ടീമുകളുടെ എണ്ണം ഉയര്‍ത്തി മറുമാതൃകയും കാണിക്കുന്നു.

ഇപ്പോള്‍ ഇത് പറഞ്ഞതിന്റെ കാരണം മറ്റൊന്നുമല്ല. ഐസിസിയുടെ മുഖത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കവിളടിച്ചാണ് അടികിട്ടിയത്. ആദ്യം നമീബിയയുടെ വകയായിരുന്നു. ഇപ്പോഴിതാ സ്‌കോട്‌ലന്‍ഡും ആ കൂട്ടത്തില്‍ കൂടി. അസോസിയേറ്റ് രാജ്യങ്ങളെന്ന് ഐസിസി കളിയാക്കുന്ന നമീബിയയും സ്‌കോട്‌ലന്‍ഡും കൂടി തകര്‍ത്തുവിട്ടത് മൂന്നു ലോകകപ്പുകള്‍ ഉയര്‍ത്തിയ ടീമുകളെയാണ്.

ക്രിക്കറ്റില്‍ അസോസിയേറ്റ് രാജ്യങ്ങള്‍ വലിയ വളര്‍ച്ച നേടുന്നുണ്ടെന്ന് സമീപകാല ചരിത്രങ്ങള്‍ അടിവരയിടുന്നു. ഇതേ സ്‌കോട്‌ലന്‍ഡാണ് അടുത്തിടെ ഇംഗ്ലണ്ടിനെതിരേ 300 ലേറെ റണ്‍സ് നേടി ജയിച്ചത്. സമീപകാലത്ത് വലിയ നേട്ടം കൊയ്ത ടീമാണ് സ്‌കോട്‌ലന്‍ഡ്. മറ്റ് ചെറുകിട ടീമുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌കോട്‌ലന്‍ഡ് ടീമിലെ മുഴുവന്‍ അംഗങ്ങളും ആ നാട്ടില്‍ ജനിച്ചു വളര്‍ന്ന തദ്ദേശീയരാണ്. ഒരാള്‍ക്ക് മാത്രമാണ് ഏഷ്യന്‍ വേരുകളുള്ളത്.

സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് വളര്‍ച്ച ഇംഗ്ലീഷ് കൗണ്ടിയുമായി ബന്ധപ്പെട്ടാണ്. അവരുടെ ടീമിലെ മിക്ക താരങ്ങളും ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചു വളര്‍ന്നവരാണ്. അതുകൊണ്ട് തന്നെ എല്ലാത്തരത്തിലുമുള്ള എക്‌സ്പീരിയന്‍സും അവര്‍ക്ക് ലഭിക്കുന്നു. ആഭ്യന്തര ക്രിക്കറ്റും ഇപ്പോള്‍ കൂടുതല്‍ മത്സരാധിഷ്ടിതമാക്കാന്‍ അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

1999 ലെ ലോകകപ്പില്‍ ഉള്‍പ്പെടെ കളിച്ചിട്ടുള്ള സ്‌കോട്‌ലന്‍ഡ് സമീപകാലത്ത് ടെസ്റ്റ് പദവിയും ഫുള്‍ മെംബര്‍ സ്റ്റാറ്റസും നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കളിക്കാരും. അങ്ങനെ വന്നാല്‍ അത് സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റിന് നല്‍കുന്ന ഊര്‍ജ്ജം വലുതാകും. കൂടുതല്‍ ഐസിസി ഫണ്ടിംഗ് ഉള്‍പ്പെടെ ലഭിക്കാന്‍ ഐസിസി ഫുള്‍ മെംബര്‍ സ്റ്റാറ്റസ് വഴിയൊരുക്കും.

നമീബിയയും അടുത്ത കാലത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടീമാണ്. 2003 ലെ ലോകകപ്പില്‍ അരങ്ങേറി ദയനീയ പ്രകടനം നടത്തിയ ടീമല്ല അവരിപ്പോള്‍. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്ത് ഏവരെയും ഞെട്ടിച്ചവരാണ് നമീബിയ. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ലീഗുകളില്‍ കളിച്ച് നേടിയെടുത്ത അനുഭവസമ്പത്താണ് നമീബിയയ്ക്ക് തുണയാകുന്നത്.

നമീബിയയുടെ ക്രിക്കറ്റ് ബോര്‍ഡും വളരെ ആക്ടീവാണ്. കഴിഞ്ഞ ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ കടന്നതോടെ ഇത്തവണത്തെ ലോകകപ്പിനായി അവര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ ഈ ലോകകപ്പിനായി മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങാന്‍ നമീബിയയ്ക്ക് സാധിച്ചു.

നിരവധി പ്രതിഭാധനരായ കളിക്കാര്‍ നമീബിയന്‍ ടീമിലുണ്ട്. 100 ശതമാനം കളിക്കാരും നമീബിയയില്‍ ജനിച്ചു വളര്‍ന്നവര്‍ തന്നെയാണെന്നതും ഒരു പ്രത്യേകതയാണ്. എന്തായാലും ക്രിക്കറ്റ് കൂടുതലായി വളരുന്നുവെന്ന കാര്യം സത്യമാണ്. അതേ, ക്രിക്കറ്റ് വളരട്ടെ.

Related Articles

Back to top button