Cricket

അക്കാര്യം ആലോചിച്ച് ഇനി ആരും തലപുകയ്‌ക്കേണ്ട!! താന്‍ ചിരിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സുനില്‍ നരെയ്ന്‍

ഈ ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പോയിന്റ് പട്ടികയിലും അവര്‍ ഒന്നാമതാണ്.

ഇതിന് അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നോടാണ്. ബാറ്റു കൊണ്ടും പന്തു കൊണ്ടും കൊല്‍ക്കത്തയെ മുമ്പോട്ടു നയിച്ചത് നരെയ്‌നാണ്.

റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും ഒരുപോലെ തിളങ്ങിയാണ് നരെയ്ന്‍ നൈറ്റ് റൈഡേഴ്സിന്റെ നട്ടെല്ലാവുന്നത്.

11 മത്സരത്തില്‍ നിന്നും ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അടക്കം 461 റണ്‍സടിച്ച് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് താരം. കൊല്‍ക്കത്ത താരങ്ങളില്‍ ഒന്നാമനും നരെയ്‌നാണ്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലേക്ക് വരുമ്പോള്‍ പട്ടികയില്‍ 14 വിക്കറ്റുമായി ഏഴാമനും നൈറ്റ് റൈഡേഴ്സ് നിരയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കീഴില്‍ രണ്ടാമനുമാണ് അദ്ദേഹം.

എന്നാല്‍ നരെയ്‌നില്‍ കളിയാരാധകര്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ മുഖഭാവമാണ്.

വിക്കറ്റ് വീഴ്ത്തുമ്പോഴോ റണ്‍ അടിച്ചുകൂട്ടുമ്പോഴോ വിന്നിങ് ഷോട്ടിലൂടെ മത്സരം വിജയിപ്പിക്കുമ്പോഴോ ഒരു തരത്തിലുള്ള ഭാവമാറ്റവും നരെയ്ന്റെ മുഖത്തുണ്ടാകാറില്ല. കളിക്കളത്തില്‍ ഇത്തരത്തിലുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ് നരെയ്ന്‍.

എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ആരാധകര്‍ എക്കാലവും തലപുകച്ചിരുന്നു. ഇപ്പോള്‍ ഇതിനുള്ള കാരണം നരെയ്ന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് വിക്കറ്റ് നേടുമ്പോള്‍ ഒരു തരത്തിലുള്ള ഇമോഷനുകളും പ്രകടിപ്പിക്കാത്തത് എന്ന നൈറ്റ്സ് പോഡ്കാസ്റ്റിലെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

ചെറുപ്പത്തില്‍ തന്റെ പിതാവ് നല്‍കിയ ഉപദേശം പാലിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് നരെയ്ന്‍ പറഞ്ഞത്.


‘വളര്‍ന്നുവരുമ്പോള്‍ എന്റെ അച്ഛന്‍ നല്‍കിയ ഉപദേശമാണിത്. ഇന്ന് ഒരു താരത്തെ പുറത്താക്കിയാലും നാളെയോ പിന്നിടെപ്പോഴെങ്കിലുമോ അയാള്‍ക്കെതിരെ വീണ്ടും കളിക്കേണ്ടി വരും. കളിക്കളത്തിലെ ആ നിമിഷം ആസ്വദിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്, അമിതാഹ്ലാദം പ്രകടിപ്പിക്കാതിരിക്കുക,’ നരെയ്ന്‍ പറഞ്ഞു.

ആവേശം എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെന്‍ഡിങ്ങായി മാറിയ കരിങ്കാളിയല്ലേ… എന്ന് തുടങ്ങുന്ന പാട്ടിന് താരം റീല്‍സ് ചെയ്തിരുന്നു. എന്നാല്‍ ഇതിലും ഒരു ഭാവഭേദവുമില്ലാതെയാണ് താരം ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

11 കളികളില്‍ 16 പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഈ മൂന്നു മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

Related Articles

Back to top button