Cricket

ഹോ അസ്ഹര്‍ വെടിക്കെട്ട്!! വമ്പുകാട്ടി കേരളം!!

സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ വീണ്ടും കേരളത്തിന്റെ വെടിക്കെട്ട്. ശക്തരായ കര്‍ണാടകയ്‌ക്കെതിരേ ആദ്യം ബാറ്റുചെയ്ത കേരളം അടിച്ചെടുത്തത് 179 റണ്‍സ്. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമാണ് കേരളത്തിന് തുണയായത്. 47 പന്തില്‍ 95 റണ്‍സെടുത്ത അസ്ഹര്‍ പുറത്താകാതെ നിന്നു.

ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹന്‍ കുന്നുമ്മേലും (16), വിഷ്ണു വിനോദും (34) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 45 റണ്‍സാണ്. പിന്നാലെ ക്രീസിലെത്തിയ അസ്ഹര്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. ഐപിഎല്‍ കളിക്കാര്‍ അണിനിരന്ന കര്‍ണാടകയെ തലങ്ങും വിലങ്ങും അടിച്ചു പരത്തി അസ്ഹര്‍. ആരെയും വെറുതെ വിട്ടില്ല.

സച്ചിന്‍ ബേബിയെ മറുവശത്ത് കാഴ്ച്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു അസ്ഹറിന്റെ വെടിക്കെട്ട്. സിംഗിളുകളെടുത്ത് ക്യാപ്റ്റന്‍ ഉറച്ച പിന്തുണയും നല്‍കി. ഗ്യാലറിയിലിരുന്ന് സഞ്ജു സാംസണ്‍ കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വെറും 47 പന്തില്‍ നിന്ന് 6 സിക്‌സറുകളും 8 ഫോറുകളും ആ ഇന്നിംഗ്‌സിന് ചാരുതയേകി.

Related Articles

Back to top button