Cricket

വമ്പന്‍ തോല്‍വിയ്ക്കു പിന്നാലെ ആളുകള്‍ക്ക് മുമ്പില്‍വച്ച് രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ലഖ്‌നൗ ഉടമ!! പ്രതിഷേധം വ്യാപകം

ഐപിഎല്‍ ഒരു വമ്പന്‍ ബിസിനസ് ആണെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം അറിയാം. എന്നിരുന്നാലും ക്രിക്കറ്റിനോടുള്ള ആവേശം മൂലം ഏവരും ഐപിഎല്ലിനെ സ്വീകരിക്കുകയാണുണ്ടായത്.

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി ആയിരക്കണക്കിന് കോടികള്‍ എറിയുന്നതാവട്ടെ വമ്പന്‍ ബിസിനസുകാരും. അവര്‍ക്ക് ക്രിക്കറ്റിനോടുള്ള ഭ്രാന്ത് മൂത്തതു കൊണ്ടല്ല ഇത്. കോടികള്‍ ഇട്ടാല്‍ കോടികള്‍ വാരാമെന്നത് നന്നായി അറിയാവുന്നത് കൊണ്ടാണ്.

അതിനാല്‍ തന്നെ ദേശീയ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നതിന്റെ പത്തിരട്ടി സമ്മര്‍ദത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി താരങ്ങള്‍ മൈതാനങ്ങളില്‍ ഇറങ്ങുന്നത്.

കളി തോറ്റാല്‍ സമ്മര്‍ദം ഇരട്ടിക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും ടീമുടമയില്‍ നിന്ന് ക്യാപ്റ്റന്‍ ശകാരം കേള്‍ക്കുകയും ചെയ്യാം.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണംകെട്ട തോല്‍വി വഴങ്ങിയതിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

മത്സരശേഷം ലഖ്നൗ ഡഗ്ഔട്ടിനടുത്തുവെച്ചായിരുന്നു സംഭവം. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നതും കാണാം. ഇതോടെ സഞ്ജീവിനെതിരേ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.

മത്സരത്തില്‍ 10 വിക്കറ്റിനാണ് ലഖ്നൗ തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍(29), കൃണാല്‍ പാണ്ഡ്യ(24), നിക്കോളാസ്.പി(28), ആയുഷ് ബദോണി(55) എന്നിവരാണ് ലഖ്‌നൗ ഇന്നിംഗ്‌സിന് ബലമായത്.

എന്നാല്‍ വിജയലക്ഷ്യം മറികടക്കാന്‍ ഹൈദരാബാദിന് വെറും 9.4 ഓവര്‍ ധാരാളമായിരുന്നു. അഭിഷേക് ശര്‍മ, ട്രവിസ് ഹെഡ് എന്നിവരുടെ ഉജ്ജ്വല ബാറ്റിംഗാണ് എസ്ആര്‍എച്ചിന് തുണയായത്.

ട്രവിസ് ഹെഡ് 30 പന്തില്‍ നിന്ന് എട്ടു വീതം സിക്‌സും ഫോറും സഹിതം 89 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 75 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്.

ഇതോടെ ഇഴഞ്ഞുനീങ്ങിയ ലഖ്നൗ ബാറ്റിംഗിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. അഭിഷേകും ഹെഡും അടിച്ചുതകര്‍ത്ത പിച്ചില്‍ 33 പന്തില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമെടുത്ത രാഹുലിന്റെ ഇന്നിങ്സ് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന ദൃശ്യം പുറത്തു വന്നത്.

Related Articles

Back to top button