CricketTop Stories

ത്രില്ലറില്‍ കുവൈറ്റ് യുഎഇയെ വീഴ്ത്തി; ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

ഏഷ്യാകപ്പ് യോഗ്യത റൗണ്ടില്‍ ശക്തരായ യുഎഇയ്‌ക്കെതിരേ കുവൈറ്റിന് നാടകീയ ജയം. 174 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കുവൈറ്റ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. ആദ്യമായി യുഎഇയിയുടെ നായകനായി കളത്തിലിറങ്ങിയ മലയാളിയായ സി.പി റിസ്വാനും ടീമിനും നിര്‍ഭാഗ്യം കൊണ്ടാണ് ജയം അകന്നു പോയത്. ലോക ക്രിക്കറ്റില്‍ ആദ്യമായി ഒരു ദേശീയ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടവും കുവൈറ്റിനെതിരായ മല്‍സരത്തോടെ റിസ്വാനെ തേടിയെത്തി.

യുഎഇയ്ക്കായി ബാറ്റു കൊണ്ട് തിളങ്ങിയത് 61 പന്തില്‍ 88 റണ്‍സെടുത്ത ചിരാഗ് സൂരിയാണ്. വൃദ്ധി അരവിന്ദ് 33 റണ്‍സെടുത്തെങ്കിലും 29 പന്തുകള്‍ നേരിടേണ്ടി വന്നു. മറുപടി ബാറ്റിംഗില്‍ കുവൈറ്റിന് തുണയായത് രവീജ സന്ദാരുവാന്‍ (25 പന്തില്‍ 34), മീറ്റ് ഭാവ്‌സര്‍ (21 പന്തില്‍ 27), എഡ്‌സണ്‍ സില്‍വ (14 പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗാണ്.

നാലു ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്. ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ യുഎഇയ്ക്ക് ഏഷ്യാകപ്പിന്റെ പ്രധാന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടാനാകും. ഹോങ്കോംഗ്, സിംഗപ്പൂര്‍ ടീമുകളാണ് യോഗ്യത നേടാന്‍ ശ്രമിക്കുന്ന മറ്റ് ടീമുകള്‍. ഈ ടീമുകളെ തോല്‍പ്പിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള മികവ് റോബിന്‍ സിംഗ് പരിശീലിപ്പിക്കുന്ന യുഎഇയ്ക്കുണ്ട്.

യോഗ്യത റൗണ്ടില്‍ കളിക്കുന്ന മറ്റ് ടീമുകളെ അപേക്ഷിച്ച് പരിചയ സമ്പത്തില്‍ വളരെ മുന്നിലാണ് യുഎഇ. സിംഗപ്പൂരും ഹോങ്കോംഗും കുവൈറ്റുമൊക്കെ അവരുടേതായ ദിവസങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നവരാണെങ്കിലും തുടര്‍ച്ചയായി മല്‍സരങ്ങള്‍ ജയിക്കാന്‍ അതു മാത്രം മതിയാകില്ല. ഇവിടെയാണ് യുഎഇയ്ക്കുള്ള മേല്‍ക്കൈയും.

ഐസിസി ക്രിക്കറ്റ് ലീഗില്‍ അടക്കം തുടര്‍ച്ചയായി കളിക്കുന്ന യുഎഇയ്ക്ക് സമ്മര്‍ദ നിമിഷങ്ങളെ എങ്ങനെ മറികടക്കണമെന്ന് കൃത്യമായി അറിയാം. വരും മല്‍സരങ്ങള്‍ എന്തായാലും തീപാറുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Back to top button