Cricket

കുല്‍ദീപിനും അക്ഷറിനും മുമ്പില്‍ മുട്ടുമടക്കി ഇംഗ്ലണ്ട് !! ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

ഇന്ത്യ പകരം വീട്ടല്‍ തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനും രക്ഷയുണ്ടായില്ല, ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.
29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോടു പരാജയപ്പെടുകയായിരുന്നു. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായതിനു ശേഷം ഒരു ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് അന്യമായിരുന്നു.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ മഴയെത്തുടര്‍ന്ന് വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

പതിവുപോലെ വിരാട് കോഹ് ലിയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെയെത്തിയ റിഷഭ് പന്തിനും പിടിച്ചു നില്‍ക്കാനായില്ല.

ഒന്‍പതു പന്തുകളില്‍ ഒന്‍പതു റണ്‍സെടുത്ത കോഹ്‌ലി പേസര്‍ റീസ് ടോപ്‌ലിയുടെ പന്തില്‍ ബോള്‍ഡാകുകയായിരുന്നു. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്തും മടക്കി. പവര്‍പ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യ എട്ടോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി.

എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ കളി കാഴ്ച വച്ച രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് തുണയായി.

സൂര്യകുമാര്‍ യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് ശര്‍മ 39 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 47 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം.

12.3 ഓവറില്‍ സ്‌കോര്‍ 100 പിന്നിട്ടു. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ ആദില്‍ റാഷിദിന്റെ പന്തില്‍ രോഹിത് ശര്‍മ ബോള്‍ഡായി. 16ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച സൂര്യകുമാര്‍ യാദവിനു പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ലോങ് ഓണില്‍ ക്രിസ് ജോര്‍ദാന്‍ പിടിച്ചെടുത്തു. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യ പുറത്തായത്.

ക്രിസ് ജോര്‍ദാന്റെ 18ാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയ പാണ്ഡ്യ മൂന്നാം സിക്‌സറിനുള്ള ശ്രമത്തില്‍ ലോങ് ഓഫില്‍ സാം കറന്റെ കൈകളില്‍ അവസാനിച്ചു. 13 പന്തില്‍ 23 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഒടുവില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റാഷിദ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അക്ഷര്‍പട്ടേലിനും കുല്‍ദീപ് യാദവിനും മുമ്പില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്‌കോറിലേക്കു വീണു. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (15 പന്തില്‍ 23), ജോഫ്ര ആര്‍ച്ചര്‍ (15 പന്തില്‍ 21), ലിയാം ലിവിംഗ്സ്റ്റന്‍ (16 പന്തില്‍ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നു.

താരതമ്യേന മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് നേടിയ അവര്‍ക്ക് പിഴച്ചത് അക്ഷര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവര്‍ മുതലായിരുന്നു.

അക്ഷറിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ജോസ് ബട്‌ലറുടെ ശ്രമത്തിനിടെ ഗ്ലൗവില്‍ തട്ടിയ പന്ത് ഉയര്‍ന്നു പൊങ്ങി വിക്കറ്റിനു പിന്നില്‍ റിഷഭ് പന്തിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

സകോര്‍ 34 ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫില്‍ സോള്‍ട്ട് ബോള്‍ഡായി. തൊട്ടുപിന്നാലെ ജോണി ബെയര്‍‌സ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

അക്ഷര്‍ പട്ടേലിന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. എട്ടാം ഓവറില്‍ അക്ഷര്‍ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാന്‍ ശ്രമിച്ച മൊയീന്‍ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

സാം കറന്‍, ഹാരി ബ്രൂക്ക്, ക്രിസ് ജോര്‍ദാന്‍ എന്നീ താരങ്ങളെ വീഴ്ത്തി കുല്‍ദീപ് യാദവും കരുത്തു തെളിയിച്ചു.

ലിയാം ലിവിങ്സ്റ്റന്‍ റണ്ണൗട്ടായി. ജോഫ്ര ആര്‍ച്ചറിന്റെ ചെറുത്തുനില്‍പാണ് ഇംഗ്ലിഷ് സ്‌കോര്‍ 100 കടത്തിയത്. 16 ഓവറിലാണ് ഇംഗ്ലണ്ട് 100 തൊട്ടത്. 16.4 ഓവറില്‍ 103 റണ്‍സിന് അവര്‍ ഓള്‍ഔട്ട് ആവുകയും ചെയ്തു. ജോഫ്രാ ആര്‍ച്ചറിനെ വിക്കറ്റിനു മുമ്പില്‍ കുരുക്കി ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടത്. അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.

Related Articles

Back to top button