Cricket

ഇന്ത്യയ്ക്ക് കഷ്ടകാലം? അഡ്‌ലെയ്ഡില്‍ അശുഭവാര്‍ത്ത!

ആദ്യ രണ്ടു മല്‍സരം കഴിഞ്ഞപ്പോള്‍ അനായാസം സെമി ഫൈനലില്‍ എത്തുമെന്ന് കരുതിയിരുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റ തോല്‍വി ടീമിന് വലിയ നിരാശയാണ് സമ്മാനിച്ചത്. ഒരൊറ്റ തോല്‍വിയോടെ പെട്ടെന്ന് തന്നെ ടീം ഇന്ത്യയുടെ സെമി പ്രവേശനം അനിശ്ചിതത്വത്തിലായത് പോലെയായി.

ഇപ്പോഴിതാ കൂടുതല്‍ നിരാശജനകമായ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. നവംബര്‍ രണ്ടിന് അഡ്‌ലെയ്ഡില്‍ നടക്കേണ്ട ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിന് മഴ ഭീഷണി ഉണ്ടെന്നതാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ മല്‍സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കാരണം, മെല്‍ബണില്‍ നടക്കേണ്ട ഇന്ത്യ-സിംബാബ്‌വെ മല്‍സരവും മഴയുടെ ഭീഷണിയിലാണ്.

ഇന്ത്യയുടെ രണ്ട് മല്‍സരങ്ങളും മഴയില്‍ കുതിര്‍ന്നാല്‍ അതിന്റെ നേട്ടം ബംഗ്ലാദേശിനോ സിംബാബ്‌വെയ്‌ക്കോ ആകും ലഭിക്കുക. നിലവില്‍ 3 കളിയില്‍ നിന്നും 4 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. അവസാന രണ്ടു മല്‍സരവും മഴയില്‍ നഷ്ടമായാല്‍ ഇന്ത്യയുടെ പോയിന്റ് ആറാകും. സിംബാബ്‌വെയ്ക്ക് ഇങ്ങനെ വന്നാല്‍ അത് നേട്ടമാകും.

കാരണം, ഇന്ത്യയുമായി മഴ വന്നാല്‍ ലഭിക്കുന്ന പോയിന്റോടെ അവര്‍ക്ക് 4 പോയിന്റാകും. നെതര്‍ലന്‍ഡ്‌സുമായി ഒരു മല്‍സരം അവര്‍ക്ക് അവശേഷിക്കുന്നുണ്ട്. ഇത് ജയിച്ചാല്‍ ആറു പോയിന്റോടെ സെമിയിലെത്താനുള്ള സാധ്യതയും ആഫ്രിക്കക്കാര്‍ക്ക് മുന്നില്‍ സജീവമായി നിലനില്‍ക്കും. മഴ ശല്യക്കാരനായാലും ഇന്ത്യ-ബംഗ്ലാദേശ് മല്‍സരം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Back to top button