Cricket

ഇന്ത്യ – പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളില്‍

എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ് ഇന്ത്യ – പാകിസ്ഥാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഇത്രത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനും വരാറില്ലെന്നതും മറ്റൊരു വസ്തുതയാണ്. ഈ മത്സരങ്ങള്‍ക്ക് സ്റ്റേഡിയം നിറഞ്ഞു കവിയും എന്നതാണ് മറ്റൊരു പ്രത്യേകത.

ടിവയിലൂടെ കളി ആസ്വദിക്കുന്നവരും ഏറ്റവും കൂടുതല്‍ ഉള്ള മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി – ട്വന്റി ലോകകപ്പിലും ഇരു ടീമുകളും ഒരു ഗ്രൂപ്പിലാണ്. ഈ മത്സരവും ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വില്പന തുടങ്ങി വെറും മിനിട്ടുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ വച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

കഴിഞ്ഞ ട്വന്റി – ട്വന്റി ലോകകപ്പില്‍ ഇരുടീമുകളും നേരിട്ടേറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനായിരുന്നു വിജയം. ഇതിന് കണക്ക് തീര്‍ക്കുക എന്നതാണ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യവും.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയോടൊപ്പം രണ്ടാം ഗ്രൂപ്പില്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും.

ഒക്ടോബര്‍ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയര്‍ മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Related Articles

Leave a Reply

Back to top button