Cricket

ട്വന്റി-20 ലോകകപ്പില്‍ തോറ്റാലും കീശ നിറയും!! പ്രൈസ് മണി കേട്ടാല്‍ ഞെട്ടും

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള പ്രൈസ് മണി ഐസിസി പ്രഖ്യാപിച്ചു. എല്ലാ ടീമുകള്‍ക്കും വാരിക്കോരി നല്‍കുന്ന രീതിയിലാണ് പ്രൈസ് മണി. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന ടീമുകളെ പോലും നിരാശരാക്കി മടക്കി അയയ്ക്കുന്നില്ല സംഘാടകര്‍.

ലോകകപ്പില്‍ ഫസ്റ്റ് റൗണ്ടില്‍ തന്നെ പുറത്താകുന്ന ടീമുകള്‍ക്ക് ലഭിക്കുക 32 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കളിക്കാരുടെ മാച്ച് ഫീയും മറ്റ് ആനുകൂല്യങ്ങളും കൂട്ടാതെയുള്ള കണക്കാണിത്. ആദ്യ റൗണ്ട് കടന്ന് സൂപ്പര്‍ 12 ല്‍ എത്തുന്നതിന് മറ്റൊരു 32 ലക്ഷം രൂപ കൂടി കിട്ടും. ഇനി സൂപ്പര്‍ 12ല്‍ പുറത്തായാല്‍ 57 ലക്ഷം രൂപയാകും ടീമുകള്‍ക്ക് ലഭിക്കുക. സൂപ്പര്‍ 12 ല്‍ ഓരോ മല്‍സരം ജയിക്കുന്നതിനും 32 ലക്ഷം രൂപ വീതം ലഭിക്കും. സെമി ഫൈനലില്‍ കയറുന്ന ടീമുകള്‍ക്ക് മൂന്നു കോടി 26 ലക്ഷം രൂപയാണ് കിട്ടുക.

കപ്പടിക്കുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുന്നത് 13 കോടിയിലധികം രൂപയാണ്. ഫൈനലില്‍ തോറ്റ് കപ്പില്ലാതെ നിരാശരായി നില്‍ക്കുന്ന ടീമിനും പൈസയില്‍ വലിയ കുറവില്ല. 6 കോടിയില്‍പ്പരം രൂപ കിട്ടും. ഈ തുക ഓരോ ബോര്‍ഡുകള്‍ക്കാണ് നല്‍കുന്നത്. ഇതില്‍ നിന്ന് കളിക്കാര്‍ക്ക് പങ്ക് കൊടുക്കാറില്ല. കളിക്കാര്‍ക്ക് മാച്ച് ഫീയും മറ്റ് രീതിയിലുള്ള ആനുകൂല്യങ്ങളുമാണ് നല്‍കുക.

Related Articles

Back to top button