Cricket

ഐപിഎല്‍ ഫൈനലില്‍ ജയിച്ചാലും തോറ്റാലും കാത്തിരിക്കുന്നത് പണക്കൂമ്പാരം!! സമ്മാനങ്ങള്‍ ഇങ്ങനെ…

ഐപിഎല്‍ 2024ന്റെ ഫൈനലിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ ആരാധകരെല്ലാം ആവേശത്തിലാണ്.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്നപതിനേഴാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായതോടെ ഹൈദരാബാദ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ തന്നെയാണ് ഈ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 9 വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

മറുഭാഗത്ത് 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ച് തോല്‍വിയും അടക്കം 17 പോയിന്റോടെയാണ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് എത്തിയത്. കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടവും ഹൈദരാബാദിന് രണ്ടാം കിരീടവുമാണ് ലക്ഷ്യം.

അതേസമയം ഫൈനലിസ്റ്റുകളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുകയാണ്. ആദ്യ നാലു സ്ഥാനക്കാര്‍ക്കുമായി 46.5 കോടി രൂപയാണ് ലഭിക്കുക.

കിരീടം നേടുന്ന ടീമിന് 20 കോടി രൂപയും രണ്ടാം സ്ഥാനക്കാരാവുന്ന ടീമിന് 13 കോടി രൂപയും ആണ് ലഭിക്കുക.
മൂന്നാം സ്ഥാനക്കാര്‍ക്ക് ഏഴ് കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 6.5 കോടി രൂപയും ലഭിക്കും.

എലിമിനേറ്ററില്‍ വിജയിച്ച രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാം സ്ഥാനക്കാര്‍. ആര്‍സിബി നാലാം സ്ഥാനക്കാരും.

ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനും വിക്കറ്റുകള്‍ നേടിയ താരത്തിനും 15 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 14 മത്സരങ്ങളില്‍ നിന്നും 741 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്ലി തന്നെയാണ് ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

14 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ വീഴ്ത്തിയ പഞ്ചാബ് കിങ്സിന്റെ ഹര്‍ഷല്‍ പട്ടേലാണ് പര്‍പ്പിള്‍ ക്യാപ്പിന്റെ പോരാട്ടത്തില്‍ ഒന്നാമതുള്ളത്.

ഫൈനല്‍ കളിക്കുന്ന താരങ്ങളില്‍ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് 20 വിക്കറ്റുകളും ഹൈദരാബാദിന്റെ നടരാജന് 19 വിക്കറ്റുകളുമുണ്ട്.

അതുകൊണ്ടുതന്നെ വരുണിന് ഹര്‍ഷല്‍ പട്ടേലിനെ മറികടക്കാന്‍ അഞ്ച് വിക്കറ്റുകളും നടരാജന് ആറ് വിക്കറ്റുകളും ആവശ്യമാണ്. അദ്ഭുതങ്ങള്‍ സംഭവിച്ചാലേ അതിനു സാധ്യതയുള്ളൂ.

ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്ന താരത്തിന് 20 ലക്ഷം രൂപയും ഏറ്റവും വാല്യൂബിള്‍ ആയിട്ടുള്ള താരത്തിന് 12 ലക്ഷം രൂപയുമാണ് ലഭിക്കുക. വാല്യുബിള്‍ പ്ലെയറിന്റെ പോരാട്ടത്തില്‍ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ എറെ മുമ്പിലാണ്.

Related Articles

Back to top button