Cricket

ഐപിഎല്ലില്‍ കളിച്ചത് 60 ല്‍ 59! ഇന്ത്യയ്ക്കായി 70 ല്‍ വെറും 16!! ബുംറയ്ക്ക് അംബാനി ഇന്ത്യ?

ഐപിഎല്‍ കാലയളവില്‍ പരിക്കില്ല, പ്രശ്‌നങ്ങളില്ല, ഒരു തലവേദന പോലുമില്ല. ഐപിഎല്‍ കഴിഞ്ഞാല്‍ പിന്നെ പരിക്ക് ഒഴിഞ്ഞ നേരവുമില്ല. ജസ്പ്രീത് ബുംറയ്ക്ക് റിലയന്‍സിനോടും ഐപിഎല്ലിനോടും മാത്രമാണോ പ്രിയം. കണക്കുകളും കാര്യങ്ങളും പരിശോധിക്കുകയാണെങ്കില്‍ അങ്ങനെ വിമര്‍ശനം ഉന്നയിക്കുന്നവരെ തെറ്റ് പറയാന്‍ സാധിക്കില്ല.

2019 മുതല്‍ ഒരൊറ്റ ഐപിഎല്‍ മല്‍സരം പോലും ബുംറയ്ക്ക് പരിക്കുമൂലം നഷ്ടപ്പെട്ടിട്ടില്ല!! കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സ് കളിച്ചത് 28 മല്‍സരങ്ങള്‍. ഈ 28 മല്‍സരങ്ങളിലും ബുംറ കളത്തിലുണ്ടായിരുന്നു. വര്‍ഷത്തില്‍ പാതിയിലേറെ സമയവും പരിക്കിന്റെ പിടിയിലുള്ള താരത്തിന്റെ ഐപിഎല്‍ ഹാജര്‍ നിരക്ക് ഞെട്ടിക്കുന്നത് തന്നെയാണ്.

ഇക്കാലയളവില്‍ ഇന്ത്യ കളിച്ചത് 49 ട്വന്റി-20 മല്‍സരങ്ങള്‍. ഇതില്‍ ബുംറ കളിച്ചതാകട്ടെ വെറും 10 എണ്ണത്തില്‍ മാത്രവും. രണ്ട് പ്രധാന ലോക ടൂര്‍ണമെന്റുകളിലും ഇതിനിടയ്ക്ക് ബുംറയുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമായില്ല. പണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലേക്ക് ബുംറയുടെ താല്‍പര്യങ്ങള്‍ മാറിയെന്നാണ് വിമര്‍ശകരുടെ വാദം. ഇതില്‍ കഴമ്പില്ലെന്ന് പറയാന്‍ സാധിക്കില്ല.

ഐപിഎല്‍ വന്ന ശേഷം വിദേശ താരങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരത്തില്‍ മാറ്റങ്ങളുണ്ടായി. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ദേശീയ ടീമിനായി കളിച്ചിട്ട് തന്നെ വര്‍ഷങ്ങളായി. തനിക്ക് ദേശീയ ടീമിനായി കളിക്കാനുള്ള ബോധ്യം വന്നില്ലെന്നായിരുന്നു നരെയ്‌ന്റെ വാദം. അതേസമയം കൂടുതല്‍ പണം കിട്ടുന്ന ലീഗുകളില്‍ ഓടിനടന്ന് കളിക്കുകയും ചെയ്യുന്നുണ്ട് നരെയ്ന്‍. ഇൗ അവസ്ഥയിലേക്ക് മറ്റ് ഇന്ത്യന്‍ താരങ്ങള്‍ മാറാതിരിക്കാന്‍ ബിസിസിഐ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംഗതി ഗുരുതരമാകും. രാജ്യം ആദ്യം പിന്നീട് ഫ്രാഞ്ചൈസി എന്നതാകണം കളിക്കാരുടെ ലൈന്‍.

Related Articles

Back to top button