Cricket

കില്ലര്‍ മില്ലര്‍ രക്ഷകനായി അവതരിച്ചു !! അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക

അട്ടിമറികള്‍ തുടര്‍ക്കഥയായ ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡിനോട് കഷ്ടിച്ചു രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക.

നാലു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ലോ സ്‌കോറിംഗ് ഗെയിമുകള്‍ക്ക് ഇതിനോടകം കുപ്രസിദ്ധിയാര്‍ജ്ജിച്ച ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഇന്നിംഗ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ മൈക്കല്‍ ലെവിറ്റിനെ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ കൈകളിലെത്തിച്ച് മാര്‍ക്കോ യാന്‍സന്‍ ഡച്ച് പടയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

പിന്നെ ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. 11.5 ഓവറില്‍ 48ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഓറഞ്ച് പടയെ 100 കടത്തിയത് സൈബ്രന്റ് ഏഞ്ചല്‍ബ്രെച്ച്(40)-ലോഗന്‍ വാന്‍ ബീക്ക്(23) കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലുവിക്കറ്റ് നേടിയ ഓട്ട്‌നീല്‍ ബാര്‍ട്ട്മാനാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ബാര്‍ട്ട്മാന്റെ പ്രകടനം. മാര്‍ക്കോ യാന്‍സന്‍, ആര്‍റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

104 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ അവര്‍ തകര്‍ന്നതോടെ ക്രിക്കറ്റ് ലോകം മറ്റൊരു അട്ടിമറി മണത്തു. 4.3 ഓവറില്‍ 12ന് നാല് എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഡേവിഡ് മില്ലറും ട്രിസ്റ്റ്യന്‍ സ്റ്റബ്‌സും ചേര്‍ന്ന കൂട്ടുകെട്ടാണ്.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്റ്റബ്‌സ്(33) പുറത്തായതിനു ശേഷം വന്ന മാര്‍ക്കോ യാന്‍സന് പിടിച്ചു നില്‍ക്കാനായില്ലെങ്കിലും കേശവ് മഹാരാജിനെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു.

അവസാന രണ്ടോവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബാസ് ഡി ലീഡ് എറിഞ്ഞ 19-ാം ഓവറില്‍ അഞ്ചു പന്തില്‍ 18 റണ്‍സ് അടിച്ചെടുത്ത മില്ലര്‍ സിക്‌സര്‍ പറത്തിയാണ് വിജയം ആഘോഷിച്ചത്.

51 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സും സഹിതം 59 റണ്‍സാണ് മില്ലര്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്ക്, വിവിയന്‍ കിംഗ് മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കാനും ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെയും അവര്‍ സമാന രീതിയില്‍ തോല്‍പ്പിച്ചിരുന്നു.

Related Articles

Back to top button