Cricket

ആദ്യ രണ്ടു കളികളിലും തിളങ്ങാനാവാതെ പോയതോടെ ഇതിഹാസ താരത്തെ സമീപിച്ച് കോഹ്‌ലി !! പക്ഷെ ഫലമുണ്ടായില്ല

ട്വന്റി20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിച്ചെങ്കിലും ടീമിന്റെ ഓപ്പണറും സൂപ്പര്‍താരവുമായ വിരാട് കോഹ് ലി കരിയറിലെ തന്നെ മോശം പ്രകടനമാണ് ഈ ടൂര്‍ണമെന്റില്‍ കാഴ്ച വച്ചിരിക്കുന്നത്.

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ കോഹ് ലി പാക്കിസ്ഥാനെതിരേ നേടിയത് മൂന്നു പന്തുകളില്‍ നാലു റണ്‍സ് മാത്രമാണ്. കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു.

എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുമായി കോഹ് ലി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്രിക്കറ്റ് ചര്‍ച്ച ചെയ്യാനാണോ സച്ചിനും കോഹ് ലിയും കണ്ടുമുട്ടിയതെന്ന് വ്യക്തമല്ലെങ്കിലും കോഹ്ലിയുടെ ഫോം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം സച്ചിന്റെ നിര്‍ദ്ദേശം തേടാനുള്ള സാധ്യതയുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.

എന്നാല്‍ മൂന്നാം മത്സരത്തിലും കോഹ്‌ലി മോശം പ്രകടനം ആവര്‍ത്തിച്ചത് ആരാധകരെയാകെ നിരാശരാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോഹ് ലി ഉജ്ജ്വല ഫോമിലായിരുന്നു. 742 റണ്‍സുമായി സീസണിലെ ടോപ് സ്‌കോററും കോഹ് ലിയായിരുന്നു.

അതേ സമയം ഇന്ത്യയ്ക്കായി ഓപ്പണിംഗ് റോളിലിറങ്ങുമ്പോള്‍ കോഹ് ലിയ്ക്ക് ഉപദേശം നല്‍കാന്‍ സച്ചിനേക്കാള്‍ പറ്റിയ വേറെയാള്‍ ഉണ്ടാവില്ല.

ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ അമേരിക്കയിലാണ്. ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് അദ്ദേഹം എത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.

എന്തായാലും സച്ചിനില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ടെങ്കില്‍ വരും മത്സരങ്ങളില്‍ കോഹ് ലിയുടെ പ്രകടനം മെച്ചപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം.

Related Articles

Back to top button