Cricket

ചെറുപ്പക്കാരും വയസ്സന്മാരും!! ലോകകപ്പ് കളിക്കാനെത്തിയ ടീമുകളുടെ മൂപ്പിളമ കണക്കുകള്‍ ഇങ്ങനെ…

ഇത്തവണ 20 ടീമുകളാണ് ട്വന്റി20 ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യ മുതല്‍ ഉഗാണ്ട വരെ കളത്തിലുണ്ട്.

ചില രാജ്യങ്ങള്‍ പരിചയ സമ്പന്നതയ്ക്ക് പ്രാധാന്യം നല്‍കി ടീമിനെ ഇറക്കിയപ്പോള്‍ പുതുമുഖങ്ങളെ കുത്തി നിറച്ചാണ് മറ്റു ചിലരുടെ പരീക്ഷണം.

ഇനി ടീമുകളുടെ ശരാശരി പ്രായത്തിലേക്ക് വന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറവുള്ള ടീം നേപ്പാളാണ്. 23 വയസും ഒമ്പത് മാസവുമാണ് അവരുടെ ശരാശരി പ്രായം. 25 വയസും ആറുമാസവും പ്രായമുള്ള അഫ്ഗാന്‍ തൊട്ടു പിന്നിലുണ്ട്.

27 വയസും രണ്ടു മാസവുമായി നമീബിയയാണ് മൂന്നാമത്. 27 വയസും മൂന്നു മാസവും ശരാശരി പ്രായമുള്ളവരാണ് ബംഗ്ലാദേശ്,ശ്രീലങ്ക ടീമുകള്‍.

ടൂര്‍ണമെന്റിലെ ചെറുപ്പക്കാരായ ടീമുകളുടെ കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ഇനി ‘വയസ്സന്മാരുടെ’ കാര്യത്തിലേക്ക് കടക്കാം.

32 വയസും 10 മാസവും ശരാശരി പ്രായമുള്ള ഒമാന്‍ ടീമാണ് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും സീനിയര്‍ ടീം . 31 വയസും 11 മാസവുമായി കാനഡയാണ് രണ്ടാമത്.

ആതിഥേയരായ യുഎസ്എയാണ് മൂന്നാമത്.31 വയസും എട്ടു മാസവുമാണ് യുഎസ്എ കളിക്കാരുടെ ശരാശരി പ്രായം.

എല്ലാ ടൂര്‍ണമെന്റുകളിലെയും ഫേവറൈറ്റായ ഓസ്‌ട്രേലിയ ഇക്കുറിയും പതിവു പോലെ പരിചയ സമ്പന്നതയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ അവരുടെ ടീമിന്റെ ശരാശരി പ്രായം 31 വയസും ഏഴു മാസവുമായി.

ഓസ്‌ട്രേലിയയുടെ അയല്‍പക്കക്കാരായ ന്യൂസിലന്‍ഡിന്റെ ശരാശരി പ്രായം 31 വയസാണ്. എന്തായാലും ചെറുപ്പത്തിന്റെ ചുറുചുറുക്കാണോ അതോ പരിചയ സമ്പന്നതയാണോ വിജയിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Related Articles

Back to top button