Cricket

ഹമ്പമ്പോ!! പന്തെറിയും മുമ്പേ ഹോട്ട്‌സ്റ്റാറില്‍ കളി കാണാനെത്തിയത് റിക്കാര്‍ഡ് കാണികള്‍!!

ഇന്ത്യ-പാക് ത്രില്ലര്‍ പോരാട്ടം ഡിജിറ്റല്‍ ലോകത്തും റിക്കാര്‍ഡുകള്‍ തീര്‍ത്തു. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടം ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലൂടെ കണ്ടത് റിക്കാര്‍ഡ് കാണികള്‍. 1.8 കോടി പേരാണ് ഹോട്ട്‌സ്റ്റാറിലൂടെ മാത്രം മല്‍സരം കണ്ടത്. ഇത് സര്‍വകാല റിക്കാര്‍ഡാണ്. കഴിഞ്ഞ ഏഷ്യാകപ്പിലെ 1.4 കോടിയെന്ന റിക്കാര്‍ഡാണ് മറികടന്നത്.

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ മല്‍സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവര്‍ എറിയും മുമ്പ് തന്നെ 36 ലക്ഷം പേര്‍ ഹോട്ട്‌സ്റ്റാറില്‍ മല്‍സരം കാണാന്‍ ഹാജരുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് കഴിഞ്ഞ സമയത്ത് 1.1 കോടി പേര്‍ ലൈവില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ചേസിംഗ് തുടങ്ങിയ സമയത്ത് 40 ലക്ഷം പേരായിരുന്നത് ഇന്ത്യ ജയിച്ചപ്പോഴേക്കും 1.8 കോടിയായി ഉയര്‍ന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കളി കണ്ടവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ അടുത്തയാഴ്ച്ചയേ പുറത്തു വരികയുള്ളൂ. ഇതും റിക്കാര്‍ഡ് ആകാനാണ് സാധ്യത. തിയറ്ററുകളിലും ഇത്തവണ മല്‍സരം കാണിച്ചിരുന്നു. മള്‍ട്ടിഫ്‌ളെക്‌സ് ശൃംഗലയായ പിവിആര്‍, ഐനോക്‌സ് എന്നിവയിലൂടെ നടത്തിയ ലൈവ് സൂപ്പര്‍ ഹിറ്റായിരുന്നു.

മെഗാസ്റ്റാര്‍ സിനിമകള്‍ക്ക് ലഭിക്കുന്നതിലും വലിയ സ്വീകാര്യതയാണ് തിയറ്ററില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഐനോക്‌സ് 90 ലേറെ സ്‌ക്രീനുകളിലായിരുന്നു സംപ്രേക്ഷണം. പിവിആര്‍ 122 സ്‌ക്രീനുകളിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്തു.

Related Articles

Back to top button