Cricket

ഈ സീസണില്‍ അവനെന്നെ ഏറെ ബുദ്ധിമുട്ടിച്ചു !! ആ ബൗളര്‍ ആരെന്ന് വെളിപ്പെടുത്തി അഭിഷേക് ശര്‍മ

ഈ ഐപിഎല്‍ സീസണില്‍ താന്‍ നേരിട്ടത്തില്‍ ഏറ്റവും കടുപ്പക്കാരനായ ബൗളറെപ്പറ്റി തുറന്നു പറഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച താരം എന്നാണ് അഭിഷേക് തുറന്നു പറഞ്ഞിരിക്കുന്നത്.

‘ജസ്പ്രീത് ബുംറ മികച്ച രീതിയില്‍ ആണ് ബൗള്‍ ചെയ്യുന്നത്. അദ്ദേഹം പന്തുകള്‍ ബൗണ്‍സ് ചെയ്യിക്കുന്നതിനൊപ്പം നന്നായി യോര്‍ക്കറുകളും എറിയുന്നുണ്ട്.

അദ്ദേഹം ഏതു രീതിയിലാണ് ബൗള്‍ ചെയ്യുന്നതെന്ന് പ്രവചിക്കുന്നത് ഒരു ബാറ്റര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. അതുകൊണ്ട് ഞാന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് ബുംറയാണെന്ന് പറയും,’ അഭിഷേക് ശര്‍മ വെളിപ്പെടുത്തി.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 467 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 38.92 ആവറേജിലും 209.42 സ്ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്.

ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയും താരം മികച്ച പ്രകടനമാണ് നടത്തിയത്. 28 പന്തില്‍ 66 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും ആറ് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരവും അഭിഷേക് ശര്‍മയാണ്. 41 തവണയാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പന്ത് നിലം തൊടാതെ ബൗണ്ടറി കടന്നത്.

ഇന്ന് നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സണ്‍റൈസ് ഹൈദരാബാദിന്റെ എതിരാളികള്‍.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താരം മികച്ച പ്രകടനം നടത്തുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അതേസമയം മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിന് യോഗ്യത നേടിയില്ലെങ്കിലും ബുംറ ഈ സീസണിലും മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തിയത്. സീസണില്‍ 13 മത്സരങ്ങള്‍ നിന്നും 20 വിക്കറ്റുകളാണ് ബുംറ നേടിയത്. 16.80ആവറേജിലും 6.48 എക്കണോമിയിലും ആണ് ബുംറ പന്തെറിഞ്ഞത്.

Related Articles

Back to top button