Cricket

കിടന്നുറങ്ങിയപ്പോള്‍ വിമാനം പോയി; ഹെറ്റ്‌മെയറുടെ ലോകകപ്പ് സ്വാഹ!!

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചൊരു ഒഴിവാക്കലാണ് വിന്‍ഡീസ് ടീമില്‍ നടന്നിരിക്കുന്നത്. സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് കാരണം. ഒഴിവാക്കാനുള്ള കാരണമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. താരത്തിന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം ലഭിച്ചില്ല. ഇതോടെ യാത്ര മുടങ്ങി.

ഹെറ്റ്‌മെയര്‍ തലേന്നത്തെ പാര്‍ട്ടി കഴിഞ്ഞ് കിടന്നുറങ്ങിയതിനാലാണ് വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കൃത്യനിഷ്ഠ പാലിക്കാത്തതോടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക നടപടി എന്ന നിലയില്‍ ഹെറ്റ്‌മെയറെ ഒഴിവാക്കുകയായിരുന്നു. പകരക്കാരനായി ഷാമ്ര ബ്രൂക്ക്‌സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

കരീബിയന്‍ പ്രീമിയര്‍ ഇത്തവണ മികച്ച പ്രകടനം നടത്തിയ താരമാണ് ബ്രൂക്ക്‌സ്. അടുത്ത കാലത്ത് വിന്‍ഡീസ് ദേശീയ ടീമിനായും മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് ലോകകപ്പ് ടീമിലേക്കും ഇടംപിടിച്ചത്. അതേസമയം, ഹെറ്റ്‌മെയറിന്റെ അസാന്നിധ്യം ടീമിനെ ഗുരുതരമായി ബാധിച്ചേക്കും.

ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ ടീമിലില്ല. ഇവരുടെ അസാന്നിധ്യത്തിനൊപ്പം ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഹെറ്റ്‌മെയര്‍ കൂടി പോകുന്നത് വിന്‍ഡീസിന് വലിയ തിരിച്ചടിയാകും.

അടുത്ത കാലത്തായി വിന്‍ഡീസ് കളിക്കാരും ബോര്‍ഡും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. ദേശീയ ടീമിനായി കളിക്കാന്‍ താരങ്ങളെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ലെന്ന് കോച്ച് ഫില്‍ സിമ്മണ്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ടീമിലെ ഐക്യത്തെയും ബാധിച്ചേക്കും.

Related Articles

Back to top button